
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടില്ല. ഡല്‍ഹി സര്‍വകലാശാലയിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി സര്‍വകലാശാല നല്‍കിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ വ്യക്തിക്ക് അത് നല്‍കണമെന്നായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല അപ്പീല്‍ നല്‍കിയത്. പിന്നാലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാം പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേസിൽ വാദം പൂർത്തിയായിരുന്നു. പിന്നീട് വിധി പറയാൻ മാറ്റുകയായിരുന്നു.