ദോഹ > ദോഹയിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ പത്താം വാർഷികം ആഘോഷിക്കുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കവി മോയിൻകുട്ടി വൈദ്യരുടെ കവിതകളും ജീവിതവും ആസ്പദമാക്കി ഇശലുകളുടെ സുൽത്താൻ മെഗാ ലൈറ്റ് ആന്റ് സൗണ്ട് ഷോ നവംബർ 21ന് വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് എം ഇ എസ് ഇന്ത്യൻ സ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടത്തും.
ശ്രീജിത്ത് പൊയിൽകാവ് രചനയും മജീദ് സിംഫണി സംവിധാനവും നിർവഹിച്ച ഇശലുകളുടെ സുൽത്താൻ സിദ്ദീഖ് വടകരയാണ് സഹസംവിധാനം ചെയ്തത്. നൂറിലേറെ ആഭിനേതാക്കളും ഒപ്പന, കോൽക്കളി, ദഫ്മുട്ട് കലാകാരന്മാരും അണിനിരക്കുന്ന ഷോയിൽ നാട്ടിൽ നിന്നുളള കലാകാരന്മാരും ഭാഗമാകുന്നുണ്ട്. നവംബർ 22ന് വെള്ളിയാഴ്ച വേദിയിൽ സിംഫണി ദോഹയുടെ പതിനഞ്ചാം വാർഷികവും ആഘോഷിക്കും. വൈകിട്ട് ആറരയ്ക്ക് മ്യൂസിക്കൽ ഷോ അരങ്ങേറും.
സൗരവ് കിഷൻ നയിക്കുന്ന ഗാനമേളയിൽ നിത്യാ മാമൻ, ശ്രുതി ശിവദാസ്, റിയാസ് കരിയാട്, ആഷിഖ് മാഹി തുടങ്ങിയവരും അണിനിരക്കും. പ്രവേശനം പാസ് വഴിയാണ്. നജ്മ താജ് ബിരിയാണി റസ്‌റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ നാടക സൗഹൃദം ദോഹ പ്രസിഡന്റ് മജീദ് സിംഫണി, സിംഫണി മാനേജർ അനസ് മജീദ്, അൻവർ ബാബു, സിദ്ദീഖ് വടകര, ബാവ വടകര, നവാസ്, ഗഫൂർ കാലിക്കറ്റ്, റഫീഖ് മേച്ചേരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ