• Mon. Jan 19th, 2026

24×7 Live News

Apdin News

“നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു”: എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

Byadmin

Jan 19, 2026


സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരേ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. താൻ‌ കണ്ടതിൽവെച്ച് ഏറ്റവും വെറുപ്പും മുൻവിധിയുമുള്ള മനുഷ്യനാണ് എ.ആർ. റഹ്മാൻ എന്നാണ് കങ്കണ പറയുന്നത്. തന്‍റെ സിനിമയായ എമർജൻസിയിലേക്ക് റഹ്മാന്‍റെ ക്ഷണിച്ചിരുന്നെന്നും എന്നാൽ അത് പ്രൊപ്പഗാണ്ട സിനിമയാണെന്ന് പറഞ്ഞ് തന്നെ കാണാൻ പോലും കൂട്ടാക്കിയില്ല എന്നാണ് കങ്കണ ആരോപിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കുറിപ്പ് പങ്കുവച്ചത്.

‘പ്രിയപ്പെട്ട എ.ആർ. റഹ്മാൻ ജി, കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതുകൊണ്ട് സിനിമാ മേഖലയിൽ പല മുൻവിധികളും വിവേചനങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. പക്ഷേ നിങ്ങളേക്കാൾ കൂടുതൽ മുൻവിധിയും വെറുപ്പുമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഞാൻ സംവിധാനം ചെയ്ത ‘എമർജെൻസി’ എന്ന ചിത്രത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. കഥ കേൾക്കുകപോയിട്ട് എന്നെ കാണാൻ പോലും നിങ്ങൾ കൂട്ടാക്കിയില്ല. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു.വിരോധാഭാസമെന്നു പറയട്ടെ, എല്ലാ വിമർശകരും ‘എമർജെൻസി’ ഒരു മാസ്റ്റർപീസ് ആണെന്ന് വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും സിനിമയെ അഭിനന്ദിച്ചുകൊണ്ട് എനിക്ക് കത്തുകൾ അയച്ചു. പക്ഷേ നിങ്ങൾ വെറുപ്പു കാരണം അന്ധനായിപ്പോയി. നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു.’’- കങ്കണ റണാവത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ബോളിവുഡിൽ തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് റഹ്മാൻ പരാതി പറഞ്ഞിരുന്നു. സർഗാത്മക ശേഷിയില്ലാത്തവരിലാണ് ഇപ്പോൾ ബോളിവുഡിന്‍റെ അധികാരം എന്നും എട്ട് വർഷമായി തനിക്ക് അവസരം ലഭിക്കുന്നില്ലെന്നുമാണ് റഹ്മാൻ പറഞ്ഞത്. ബോളിവുഡ് ചിത്രം ഛാവയ്ക്കെതിരേയും അദ്ദേഹം രംഗത്തെത്തിയിരുന്നു. ‘ഛാവ’ സിനിമ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്നാണ് റഹ്മാൻ ആരോപിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

By admin