• Thu. May 7th, 2026

24×7 Live News

Apdin News

നിർണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്; ഫ്‌ളക്‌സ് യുദ്ധം തുടരുന്നു; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

Byadmin

May 7, 2026



നിർണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്; ഫ്‌ളക്‌സ് യുദ്ധം തുടരുന്നു; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് എംഎല്‍എമാരുടെ അഭിപ്രായം തേടും. മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷികളുമായും നേതാക്കള്‍ ചര്‍ച്ച നടത്തും. അഭിപ്രായങ്ങള്‍ ഇന്നുതന്നെ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് വിവരം. ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കളെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.

45 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പക്ഷം. 25 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവകാശപ്പെടുന്നു. പരമാവധി എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് നേതാക്കളും.

അതിനിടയിലും നേതാക്കള്‍ക്കായുള്ള ഫ്‌ളക്‌സ് യുദ്ധം തുടരുകയാണ്. ഡല്‍ഹിയില്‍ കേരള ഹൗസിന് മുന്നില്‍ വി ഡി സതീശന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്നാണ് ഫ്‌ളക്‌സിലെ വാചകം. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെസി വേണുഗോപാലിന് വേണ്ടിയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വീ വാണ്ട് കെ സി എന്ന തലക്കെട്ടിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.

കഴിഞ്ഞദിവസം രാത്രി വി ഡി സതീശനായി പന്തം കൊളുത്തി പ്രകടനം നടന്നു. ഇന്നലെ രാത്രി കോട്ടയം പമ്പാവാലിയില്‍ ആണ് സംഭവം. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നാണ് ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആളുകള്‍ പ്രകടനത്തിന്റെ ഭാഗമായി.

By admin