കാഠ്മണ്ഡു: വീണ്ടും ജെന്‍ സീ പ്രതിഷേധത്തില്‍ പുകഞ്ഞ് നേപ്പാള്‍. സെപ്തംബറില്‍ രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രതിഷേധം. സിമാരാ വിമാനത്താവളത്തിന് സമീപത്താണ് ജെന്‍ സീ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ശങ്കര്‍ പൊഖാറല്‍, മഹേഷ് ബസ്‌നെറ്റ് എന്നീ നേതാക്കളെ പ്രതിഷേധക്കാര്‍ സിമാരാ വിമാനത്താവളത്തില്‍ വെച്ച് തടയാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കാഠ്മണ്ഡുവില്‍ നിന്ന് സിമാരയിലേക്കാണ് ഇരു നേതാക്കളും പുറപ്പെട്ടത്. ഇവരെ തടയുന്നതിനായി എത്തിയ ജെന്‍ സീകളും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച്ച ബാര ജില്ലയില്‍ പ്രതിഷേധക്കാരും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും റാലികള്‍ നടത്തിയിരുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായി. സംഭവത്തെ തുടര്‍ന്ന് ബാര ജില്ലയിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച്ച രാത്രി എട്ട് മണി വരെ (പ്രാദേശിക സമയം) കര്‍ഫ്യൂ തുടരാനാണ് തീരുമാനം. ക്രമസമാധാനം പുന:സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് കര്‍ഫ്യൂ. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഘര്‍ഷത്തില്‍ പരിക്കുകളില്ലെന്നും നേപ്പാള്‍ പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ അറിയിച്ചിരുന്നു.
സെപ്തംബറലായിരുന്നു നേപ്പാളിനെ വിറപ്പിച്ച ജെന്‍ സി പ്രതിഷേധം നടന്നത്. മുന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നടന്ന പ്രതിഷേധത്തില്‍ 76 പേരോളം കൊല്ലപ്പെട്ടിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയായിരുന്നു പ്രക്ഷോഭം തുടങ്ങിയത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ പ്രക്ഷേോഭത്തിന് പിന്നിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജെന്‍ സീ പ്രക്ഷോഭവും നേപ്പാളില്‍ ഉയര്‍ന്ന് വരുന്നത്.