
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺഗ്രസ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ആരോപണങ്ങൾ ഉയർന്നുവന്ന 24 മണിക്കൂറിനുള്ളിൽ രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്.
ആരോപണങ്ങൾ കോൺഗ്രസ് ഗൗരവമായി പരിശോധിച്ച് വരികയാണ്. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യ നടപടി മാത്രമാണ്. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. ഇതുവരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാനായിരുന്നു വാർത്താ സമ്മേളനം നടത്താൻ രാഹുൽ തീരുമാനിച്ചിരുന്നത്.