![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2025/02/The-Enforcement-Directorate-ED-on-Friday-seized-_1720810502015_1723518525488.jpg?resize=696%2C392&ssl=1)
കൊച്ചി: പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ളവ നൽകുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. പ്രാഥമിക അന്വേഷണത്തിനു പിന്നാലെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ളവ സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കുന്നു എന്ന പ്രചരണവുമായാണ് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുൻപ് പദ്ധതി തുടങ്ങിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണെന്നു വരെ അന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുടുംബശ്രീ പദ്ധതി എന്നായി പ്രചരണം. ഇതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയുമെല്ലാം മുന്നിൽ നിർത്തിയിട്ടുണ്ട്.
ആവശ്യമുള്ള വസ്തുക്കൾക്ക് പകുതി പണമടച്ച പലർക്കും ആദ്യ സമയത്ത് സാധനങ്ങൾ കിട്ടുകയും ചെയ്തു. എന്നാൽ, കൂടുതലാളുകൾ പണമടച്ചു തുടങ്ങിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വരുന്നത്. പണമടച്ച ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ കിട്ടാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചു.
സ്കൂട്ടറിന്‍റെ പകുതി വിലയായ 50,000 രൂപ മുതൽ 70,000 രൂപ വരെ ഇത്തരത്തിൽ മുൻകൂറായി അടച്ച് ആറു മാസമായിട്ടും സ്കൂട്ടർ കിട്ടാത്തവർ ഏറെയാണ്. ഇത്തരത്തിൽ കോടികളാണ് തട്ടിപ്പുകാർ ഇതിനകം സമാഹരിച്ചിരിക്കുന്നത്.