• Sat. Dec 13th, 2025

24×7 Live News

Apdin News

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

Byadmin

Dec 11, 2025


പനാജി: പബ്ബുകളിലും നൈറ്റ് ക്ലബ്ബുകളിലും റസ്റ്റോറന്‍റുകളിലും പടക്കം, ഇലക്‌ട്രോണിക് പടക്കം പൊട്ടിക്കുന്നതിനും ഗോവ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നിശാക്ലബ്ബിലുണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് 25 പേര്‍ മരണപ്പെട്ടിരുന്നു.

ഈ സംഭവം വിനോദ വേദികളിലെ സുരക്ഷാ സംവിധാനങ്ങളുടെ സൂക്ഷ്മ പരിശോധന വര്‍ദ്ധിപ്പിക്കുന്നതിലേക്കു നയിച്ചു. ഇപ്പോള്‍ സീസണ്‍ ആയതിനാല്‍ ഗോവയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കായിരിക്കും.

ഈ സാഹചര്യത്തില്‍ അപകടങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയായിട്ടാണ് പടക്കം പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നിശാക്ലബ്ബ് ഉടമകളായ സൗരഭ്, ഗൗരവ് ലുത്രയ്ക്കും വേണ്ടി ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇവര്‍ നിശാക്ലബ്ബിലെ തീപിടുത്തത്തിനു ശേഷം തായ്‌ലന്‍ഡിലെ ഫുക്കറ്റിലേക്കു കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനും നിശാക്ലബ്ബിന്‍റെ സഹ ഉടമയുമായ സുരീന്ദര്‍ കുമാര്‍ ഖോസ്ലയ്ക്കെതിരേയും ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

By admin