• Sat. Jul 11th, 2026

24×7 Live News

Apdin News

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനൽ ഇളകി; പുറത്തേക്ക് തെറിച്ച് യാത്രികൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Byadmin

Jul 11, 2026


തെസ്സലോനികി: ആകാശത്ത് പറന്നുയർന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപ്പാളി തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരന് അത്ഭുത രക്ഷപ്പെടൽ. സഹയാത്രികരുടെയും ഭാര്യയുടെയും സന്ദർഭോചിതമായ ഇടപെടലിലാണ് 61-കാരനായ സെർബിയൻ പൗരൻ രക്ഷപെട്ടത്. ഗ്രീസിലെ തെസ്സലോനികിയിൽ നിന്നും ജർമനിയിലെ ബവേറിയയിലുള്ള മെമ്മിൻഗനിലേക്ക് വരികയായിരുന്ന ബോയിങ് 737-800 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ആറായിരം മീറ്റർ ഉയരത്തിൽ സ്ഫോടന ശബ്ദം ഗ്രീസിലെ തെസ്സലോനികി വിമാനത്താവളത്തിൽ നിന്നും രാവിലെ 5.55-ന് കൃത്യസമയത്താണ് വിമാനം പറന്നുയർന്നത്. ഏകദേശം 6,000 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിനുള്ളിൽ ശക്തമായ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നു. എൻജിന്റെ ഭാഗം ഇടിച്ച് ജനൽ തകർന്നതെന്നാണ് പ്രാഥമിക വിവരം. തൊട്ടുപിന്നാലെ വിമാനത്തിനുള്ളിലെ വായുമർദ്ദം മാറുകയും ഓക്സിജൻ മാസ്കുകൾ താഴേക്ക് വരികയും ചെയ്തു. ഇതോടെ പൈലറ്റ് ഉടൻ തന്നെ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തിരികെ വലിച്ച് യാത്രക്കാർ ശക്തമായ വായുമർദ്ദ വ്യത്യാസം കാരണം, തകർന്ന ജനലിന് തൊട്ടടുത്തിരുന്ന 61-കാരനെ കാറ്റ് പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. ഇയാളുടെ തലയും തോളും വിമാനത്തിന് പുറത്തെത്തിയ അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന ഭാര്യ മിനിറ്റുകളോളം കാലുകളിൽ മുറുകെ പിടിച്ചുകിടന്നു. തുടർന്ന് മറ്റ് യാത്രക്കാരും ഓടിയെത്തി ഇയാളെ വിമാനത്തിനുള്ളിലേക്ക് തിരികെ വലിച്ച് കയറ്റുകയായിരുന്നു.

അപകടം നടന്നയുടൻ നോർത്ത് മാസിഡോണിയയ്ക്ക് മുകളിൽ വച്ച് പൈലറ്റ് വിമാനം തിരിച്ചുവിട്ടു. തുടർന്ന് ഒരു മണിക്കൂറും 14 മിനിറ്റും കൊണ്ട് വിമാനം സുരക്ഷിതമായി തെസ്സലോനികിയിൽ തന്നെ അടിയന്തരമായി ലാൻഡ് ചെയ്തു. പരുക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എൻജിന്റെ ഭാഗം ഇടിച്ച് ജനൽ തകർന്നതാണെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും റയാൻഎയർ അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തുടർന്ന് യാത്രക്കാർക്കായി രാവിലെ 10 മണിയോടെ മറ്റൊരു പകരക്കാരൻ വിമാനം ഏർപ്പെടുത്തുകയും അത് ജർമനിയിലെ മെമ്മിൻഗനിൽ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു.

By admin