• Sun. Oct 6th, 2024

24×7 Live News

Apdin News

പശ്ചിമേഷ്യയുടെ ആകാശം സംഘർഷഭരിതം; യൂറോപ്പ് – ഗൾഫ് വ്യോമമേഖലയിൽ യാത്രാ പ്രതിസന്ധി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News | Online Newspaper പശ്ചിമേഷ്യയുടെ ആകാശം സംഘർഷഭരിതം; യൂറോപ്പ്

Byadmin

Oct 6, 2024


Posted By: Nri Malayalee
October 5, 2024

സ്വന്തം ലേഖകൻ: ഇസ്രയേല്‍ ലെബനനിലെ ആക്രമണം കടുപ്പിക്കുകയും, ആസന്നമായ ഇറാന്‍ – ഇസ്രയേല്‍ യുദ്ധ പ്രതീതിയും യൂറോപ്പ് – ഗള്‍ഫ് വിമാന സര്‍വീസുകളെ താറുമാറാക്കി. റഷ്യന്‍ – യുക്രൈന്‍ യുദ്ധം മൂലമുള്ള തിരിച്ചടിയ്ക്കു പിന്നാലെയാണ്മേ പശ്ചിമേഷ്യയിലെ സംഘര്‍ഷം. ഇതോടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള യാത്ര കൂടുതല്‍ ക്ലേശകരമാവുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കാകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്നു.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച അതിരാവിലെയുമായി യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്ക് പറന്ന പല വിമാനങ്ങളും ഏറെ തടസ്സങ്ങള്‍ നേരിട്ടു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേയ്‌സും ഡസന്‍ കണക്കിന് വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

ഇതോടെ ദുബായിലും ദോഹയിലുമൊക്കെ വിമാനങ്ങള്‍ എത്തിയത് മണിക്കൂറുകളോളം വൈകിയാണ്. ഇത് വിമാന ഷെഡ്യൂളുകളെയും ജീവനക്കാരുടെ വിന്യാസത്തെയും താറുമാറാക്കി. യാത്രക്കാര്‍ക്ക് കാണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്.

ഹീത്രൂവില്‍ നിന്നും ദുബായിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം വഴി മദ്ധ്യേ സൈപ്രസ്സിലെ ലാര്‍ണാകയിലേക്ക് തിരിച്ചു വിട്ടു. അവിടെ നിന്നും വീണ്ടും ഇന്ധനം നിറച്ചിട്ടാണ് യാത്ര തുടര്‍ന്നത്. അതുപോലെ സിംഗപ്പൂരില്‍ നിന്നും ഹീത്രൂവിലേക്കുള്ള വിമാനം സാധാരണ റൂട്ട് അടച്ചതിനാല്‍ ദുബായ് വഴി തിരിച്ചു വിടേണ്ടതായി വന്നു. സാധാരണയായി യൂറോപ്പില്‍ നിന്നുള്ള വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്കോ തെക്കന്‍ ഏഷ്യയിലേക്കോ പറകുന്നത് ജര്‍മ്മനി, ഓസ്ട്രിയ,ബാള്‍ക്കന്‍, തുര്‍ക്കി വഴിയാണ്. പിന്നീട് സിറിയ കഴിഞ്ഞ് തെക്ക് കിഴക്ക് ഭാഗത്തേക്ക് തിരിയും. പിന്നീട് അതിന്റെ സാധാരണ മാര്‍ഗ്ഗം ഇറാഖോ ഇറാനോ മുകളിലൂടെ ഗള്‍ഫ് നാടുകളിലേക്കുള്ളതാണ്.

എന്നാല്‍, ഇറാന്റെ മിസൈല്‍ ആക്രമണം കാരണം വ്യോമമാര്‍ഗ്ഗം അടച്ചതോടെ കൂടുതല്‍ ദൈര്‍ഘ്യമേറിയ റൂട്ടുകളെ ആശ്രയിക്കേണ്ട സാഹചര്യമാണിപ്പോള്‍ ഉള്ളത്. അതിരാവിലെ ലണ്ടനില്‍ നിന്നും ദോഹയിലേക്ക് ഇന്നലെ പോയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം തെക്ക് കിഴക്ക് ദിശയിലെക്ക് പറന്ന് ഏഥന്‍സ് വഴി കിഴക്കന്‍ മെഡിറ്ററേനിയന് മുകളിലൂടെ ഈജിപ്ത്, സിനായ് ഉപദ്വീപ് വഴി ചെങ്കടലിന് മുകളിലെത്തി കിഴക്കോട്ട് തിരിഞ്ഞ് സൗദി അറേബ്യയുടെ മദ്ധ്യത്തിലൂടെ പറന്നാണ് ദോഹയില്‍ എത്തിയത്. ഇതുവഴി യാത്രാദൂരത്തില്‍ 500 മൈല്‍ അധികമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു, യാത്രാ സമയത്തില്‍ ഒരു മണിക്കൂറും.

ഈ റൂട്ടിലുള്ള എല്ലാ വിമാനങ്ങള്‍ക്കും ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിരിക്കുകയാണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സിംഗപ്പൂരില്‍ നിന്നും ഹീത്രൂവിലേക്കുള്ള വിമാനം ഇപ്പോള്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ വഴിയാണ് പോകുന്നത്. ഇത് സാധാരണയിലും അധികം സമയം യാത്രയ്ക്കായി എടുക്കുന്നു. അതേസമയം, ഹീത്രൂവില്‍ നിന്നും മുംബൈയിലേക്കും തിരിച്ചുമുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സര്‍വ്വീസ് ഒക്ടോബര്‍ 2, 3, 4 തീയ്തികളില്‍ റദ്ദ് ചെയ്യപ്പെട്ടിരുന്നു.

ദുബായിലെക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഏതാണ്ട് നിലച്ച മട്ടാണ്. ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങലിലേക്ക് പോകാന്‍ ഉള്ളവരെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ തിരിച്ചയയ്ക്കുകയാണ്. ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയ പാശ്ചാത്യര്‍ അതിവേഗം മടങ്ങാനുള്ള ശ്രമത്തിലാണ്.

By admin