
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ സംഘം നാളെ രാവിലെ സ്ഥലത്ത് പരിശോധന നടത്തും. മരണസംഖ്യ കണക്കാക്കിവരുന്നതേയുള്ളൂവെന്നും കഴിഞ്ഞവര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പഹല്‍ഗാമിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തങ്ങള്‍ വാര്‍ത്ത അറിഞ്ഞതെന്നും അങ്ങോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് വിവരം ലഭിച്ചതെന്നും പ്രദേശത്തുള്ള മലയാളി സെബിന്‍ പറഞ്ഞു. തങ്ങള്‍ തിരിച്ച് ശ്രീനഗറിലേക്ക് എത്തിയെന്നും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സെബിന്‍. പെഹല്‍ഗാമില്‍ ധാരാളം മലയാളികള്‍ ഉണ്ടെന്ന് മറ്റൊരു മലയാളി സഞ്ചാരി അഡ്വ ജിഞ്ചു ജോസും പറഞ്ഞു.
പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനും മൃതദേഹങ്ങള്‍ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായാണ് വിവരം. സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.