• Thu. Jul 16th, 2026

24×7 Live News

Apdin News

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

Byadmin

Jul 16, 2026


ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഘർഷം നിയന്ത്രണാതീതമായതോടെ റാവലാകോട്ട് ഉൾപ്പെടെ നഗരങ്ങൾ പൂർണ്ണമായി അടച്ചുപൂട്ടി. സംഘർഷ മേഖലകളിൽ നിന്നുള്ള വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ മാധ്യമങ്ങൾക്ക് കടുത്ത വിലക്ക് ഏർപ്പെടുത്തി. ഇന്റർനെറ്റ് ഉൾപ്പെടെ വാർത്താവിനിമയ ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചു.

ജൂലൈ 27-ന് പാക് അധിനിവേശ കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മേഖലയിൽ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തമായത്. നിയമസഭയിൽ അഭയാർത്ഥികൾക്കായുള്ള 12 പ്രത്യേക സീറ്റുകൾ നിർത്തലാക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക, സബ്സിഡി നിരക്കിൽ ഗോതമ്പ് ലഭ്യമാക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങൾ. സമരങ്ങളുടെ പേരിൽ ജയിലിൽ അടച്ച പ്രക്ഷോഭകരെയും പ്രാദേശിക നേതാക്കളെയും മോചിപ്പിക്കണമെന്നും മേഖലയിലെ സൈനിക അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.

പ്രക്ഷോഭത്തെ കടുത്ത രീതിയിലാണ് പാക് ഭരണകൂടം നേരിടുന്നത്. മാർച്ച് തടയുന്നതിനായി പാകിസ്താൻ റേഞ്ചേഴ്‌സ്, ഫ്രോണ്ടിയർ കോർപ്സ് എന്നിവരടക്കം നാലായിരത്തോളം അതിർത്തിരക്ഷാ സൈനികരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ സൈന്യം കണ്ണീർ വാതകവും വെടിയുണ്ടകളും പ്രയോഗിച്ചതോടെയാണ് മരണസംഖ്യ കുതിച്ചുയർന്നത്. പ്രക്ഷോഭകരെ സായുധ ഭീകരസംഘടനയായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന പാക് ഭരണകൂടം, ഇതിനോടകം തന്നെ 150-ലധികം പേർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. റാവലാകോട്ട് നഗരത്തിൽ നിലവിൽ കടുത്ത കർഫ്യൂവും നിയന്ത്രണങ്ങളും തുടരുകയാണ്.

By admin