• Wed. Jan 15th, 2025

24×7 Live News

Apdin News

പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് ഇന്ത്യ വിസ നിഷേധിച്ചു; വിമാന ടിക്കറ്റ് റദ്ദാക്കി

Byadmin

Jan 15, 2025


ലണ്ടൻ: പാക്കിസ്ഥാൻ വംശജനായ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സാക്കിബ് മെഹ്മൂദിന് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്‍റെ ടി20 ടീമിൽ അംഗമാണ് സാക്കിബ്. മറ്റെല്ലാവർക്കും വിസ അനുവദിച്ചിട്ടും സാക്കിബിനു ലഭിച്ചിട്ടില്ല.

ജനുവരി 22നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റും ഒമ്പത് ഏകദിനങ്ങളും കളിച്ചിട്ടുള്ള സാക്കിബ് ഈ പരമ്പരയിൽ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

യുഎഇയിൽ ജയിംസ് ആൻഡേഴ്സന്‍റെ മേൽനോട്ടത്തിൽ നടത്തുന്ന ക്യാംപിൽ ചേരേണ്ടതായിരുന്നു സാക്കിബ്. ജോഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ബ്രൈഡൺ കാഴ്സ്, മാർക്ക് വുഡ് എന്നിവരാണ് ക്യാംപിനുള്ള മറ്റ് ഫാസ്റ്റ് ബൗളർമാർ.

ഇന്ത്യ വിസ നിഷേധിച്ച സാഹചര്യത്തിൽ സാക്കിബിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) യുഎഇയിലേക്കും അയച്ചിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ബുക്ക് ചെയ്തിരുന്നു വിമാന ടിക്കറ്റും റദ്ദാക്കിക്കഴിഞ്ഞു.

സാക്കിബിന് പിന്നീട് ഇന്ത്യയിലെത്തി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാനാകുമോ എന്നും വ്യക്തമല്ല. നേരത്തെ, ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീമിൽ അംഗമായിരുന്ന പാക് വംശജനായ ലെഗ് സ്പിന്നർ രെഹാൻ അഹമ്മദിനും ഇന്ത്യ സമാനമായി വിസ നിഷേധിച്ചിട്ടുണ്ട്. എന്നാൽ, നയതന്ത്ര ഇടപെടലിനെത്തുടർന്ന് വിസ അനുവദിച്ചതോടെ രെഹാന് പരമ്പരയ്ക്കിടെ ഇന്ത്യയിലെത്തി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നു.

By admin