• Wed. Jan 22nd, 2025

24×7 Live News

Apdin News

പാസ്പോർട്ട് പുതുക്കൽ ഫോട്ടോ വിവാദം: BLS കേന്ദ്രങ്ങളിൽ പുതിയ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 22, 2025


സ്വന്തം ലേഖകൻ: പാസ്പോർട്ട് പുതുക്കൽ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോട്ടോ, പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ നിരസിക്കുന്നതായും ബിഎൽഎസിൽനിന്നു ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതായും വ്യാപകപരാതി. പ്രവാസികളുടെ പണവും സമയവും പാഴാക്കുകയാണ് സ്ഥാപനം ചെയ്യുന്നതെന്ന് ആക്ഷേപമുയർന്നു.

ഒരാളുടെ ഫോട്ടോ എടുക്കാൻ 30 ദിർഹമാണ് ബിഎൽഎസ് ഈടാക്കുന്നത്. പുറത്തെ സ്റ്റുഡിയോകളിൽ ഇതിനു 15-20 ദിർഹമാണ്. നാലംഗ കുടുംബത്തിന്റെ പാസ്പോർട്ട് പുതുക്കാൻ ഈയിനത്തിൽ 120 ദിർഹം നൽകേണ്ടിവരുന്നു. നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള ഫോട്ടോ ആയിട്ടുപോലും വീണ്ടും ബിഎൽഎസിൽനിന്നു തന്നെ എടുക്കണമെന്ന് നിർബന്ധിക്കുന്നത് നീതികേടാണെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

അളവ് ശരിയല്ല, മുഖം തെളിഞ്ഞിട്ടില്ല, ചെവി കാണുന്നില്ല, കണ്ണ് അടഞ്ഞിരിക്കുന്നു തുടങ്ങിയ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ഫോട്ടോകൾ നിരസിക്കുന്നത്. അപേക്ഷയുമായി എത്തുന്ന ഭൂരിഭാഗം പേരോടും അവിടന്നുതന്നെ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതിലൂടെ ഈയിനത്തിൽ മാത്രം വൻ തുകയാണ് സ്ഥാപനം ലാഭമുണ്ടാക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

സർക്കാർ‌ മാനദണ്ഡപ്രകാരമുള്ള ഫോട്ടോ ആകണമെന്നതാണ് നിബന്ധനയെന്നും ബിഎൽഎസിൽനിന്നു തന്നെ എടുക്കണമെന്ന് നിഷ്ക്കർഷിച്ചിട്ടില്ലെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അമിത ലാഭമുണ്ടാക്കാൻ ചില ശാഖകളിലുള്ളവരാണ് ഫോട്ടോയുടെ കാര്യത്തിൽ നിർബന്ധം പിടിക്കുന്നത്.

മറ്റു ശാഖകളിൽ പുറത്തുനിന്ന് എടുത്ത ഫോട്ടോ സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പാസ്പോർട്ടിലെ വിലാസത്തിൽ പിൻകോഡ് ചേർക്കുക, ഭാര്യയുടെ പേര് ചേർക്കുക തുടങ്ങിയ സേവനങ്ങൾക്കായി ചെല്ലുന്നവരിൽനിന്നും 30 ദിർഹം വീതം ഈടാക്കുന്നതായും മറ്റു ചിലർ പരാതിപ്പെട്ടു.

2×2 ഇഞ്ച് (51×51 മി.മീ) വലുപ്പമുള്ള, 3 മാസത്തിനകം എടുത്ത, വെളുത്ത പ്രതലത്തിലുള്ള കളർ ഫോട്ടോ ആയിരിക്കണം. നെറ്റി, പുരികം, കണ്ണ്, ചെവി, താടി, ചുമലുകൾ വരെ ഫോട്ടോയിൽ ദൃശ്യമാകണം. ഫോട്ടോ പശ്ചാത്തലം വെള്ളയായതിനാൽ ഇരുണ്ട വസ്ത്രം ധരിക്കണം. മുഖത്തും കഴുത്തിലും നിഴലുകൾ പാടില്ല. കണ്ണട വയ്ക്കുന്നവരാണെങ്കിൽ ഗ്ലാസിൽ നിഴൽ ഉണ്ടാകരുത്. ക്യാമറയിൽ നേരെ നോക്കുന്ന വിധമാകണം.

നല്ല റെസലൂഷനുള്ള വ്യക്തമായ പ്രിന്റാകണം. മതാചാരപ്രകാരമോ ആരോഗ്യപരമോ ആയ കാരണങ്ങളാലല്ലാതെ തല മൂടരുത്. ഫോട്ടോ റീടച്ച് ചെയ്യുകയോ മെച്ചപ്പെടുത്തുകയോ മൃദുവാക്കുകയോ ചെയ്യരുത്. 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ, പ്രത്യേകിച്ച് നവജാത ശിശുക്കളുടെ ഫോട്ടോയിൽ അൽപം ഇളവുണ്ടെങ്കിലും ചെവി, നെറ്റി, താടി, തുറന്ന കണ്ണ് എന്നിവ ഫോട്ടോയിൽ നിർബന്ധം.

By admin