പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചത്. പാർട്ടി തീരുമാനങ്ങൾ ലംഘിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.സസ്പെൻഷൻ കാലാവധിയിലുള്ള ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന് തനിക്കറിയാം. ഒരു നേതാവിനെയും കാണാൻ വ്യക്തിപരമായി ശ്രമിച്ചിട്ടില്ല. ആരോപണം വന്ന ദിവസം വിശദമായി മാധ്യമങ്ങളെ കണ്ട ആളാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
എന്നാൽ ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായ മറുപടി നൽകിയില്ല. അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ കൊന്നു തിന്നാൻ നിൽക്കുന്ന സർക്കാരാണ് അന്വേഷിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രാഷ്ട്രീയ ആകാംഷകള്‍ക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയത്. സഭയ്ക്കുള്ളിൽ പ്രത്യേക ബ്ലോക്കിലായിരുന്നു രാഹുലിന്റെ സീറ്റ്. പ്രതിപക്ഷനിരയിൽ നിന്ന് കുറിപ്പ് ലഭിച്ചതിന് പിന്നാലെ സഭ വിട്ടിറങ്ങിയ രാഹുൽ പിന്നീട് എംഎൽഎ ഹോസ്റ്റലിലേക്ക് പോയി. സഭയ്ക്കുള്ളിൽ കോൺഗ്രസ് അംഗങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെ അവഗണിച്ചപ്പോൾ, ലീഗ് അംഗങ്ങൾ അടുത്തെത്തി കുശലം പറഞ്ഞു.
നിയമസഭാ സമ്മേളനത്തിൽ വിവാദവിഷയങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാ കണ്ണുകളും രാഹുൽ മാങ്കൂട്ടത്തിലേക്കായിരുന്നു. രാഹുൽ എത്തുമോ എന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വ്യക്തതയുണ്ടായിരുന്നില്ല. എട്ടരയോടെ പി എ എത്തിയതോടെ രാഹുൽ വരുമെന്ന അഭ്യൂഹം ശക്തമായി. ഒമ്പത് മണിക്ക് സഭാ സമ്മേളനം ആരംഭിച്ചു. നടപടിക്രമങ്ങളിലേക്ക്. ഇതിനിടെ 9.18ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനൊപ്പം ഇന്നോവയിൽ രാഹുൽ നിയമസഭാ കവാടം കടന്നു. സഭയ്ക്കുള്ളിലെത്തിയ രാഹുലിന്, മുമ്പ് പി വി അൻവർ ഇരുന്ന സീറ്റിൽ ഇരിപ്പിടം. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നിൽ പ്രത്യേക ബ്ലോക്. രാഹുലിനോട് സംസാരിക്കാൻ കോൺഗ്രസ് അംഗങ്ങൾ തയ്യാറായില്ല. എന്നാൽ കുശലാന്വേഷണവുമായി ലീഗ് അംഗങ്ങളായ നജീബ് കാന്തപുരം എ.കെ.എം അഷ്റഫും. യു.എ ലത്തീഫും ടി.വി ഇബ്രാഹിമും രാഹുലിന് അടുത്ത് വന്ന് സംസാരിച്ചു
പാലക്കാട് വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചതിന് പിന്നാലെ താരമായാണ് കഴിഞ്ഞ സമ്മേളനത്തിൽ രാഹുൽ നിയമസഭയിൽ എത്തിയത്. ലൈംഗിക ആരോപണ വിവാദങ്ങളിൽ പാർട്ടി കൈവിട്ട രാഹുലിന്റെ രണ്ടാം വരവ് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു.