Posted By: Nri Malayalee
December 23, 2024
സ്വന്തം ലേഖകൻ: കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി രംഗത്ത്. നിയമത്തിന്‍റെ പേരിൽ വലിയ പിഴ ചുമത്തിയാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രകൃതി വാതക വിതരണം അവസാനിപ്പിക്കുമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്.
ഈ വർഷം ജൂലൈ 25ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യു ഡിലിജൻസ് ഡയറക്ടീവ്‌സ് (സിഎസ്3ഡി) പ്രകാരം ഉൽപാദനം മുതൽ വിതരണം വരെയുള്ള ഓരോ ഘട്ടത്തിലും മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും കാർബൺ പുറംതള്ളൽ ഉൾപ്പെടെ പ്രകൃതി നശീകരണം നടക്കുന്നില്ലെന്നും ഉറപ്പാക്കണം.
യൂറോപ്യൻ യൂണിയനിൽ 450 മില്യൻ യൂറോയിലേറെ വാർഷിക വരുമാനമുള്ള കമ്പനികൾക്ക് ഇത് ബാധകമാണ്. നിയമം ലംഘിച്ചാൽ ഇത്തരം കമ്പനികളുടെ ആഗോള വരുമാനത്തിന്‍റെ അഞ്ച് ശതമാനം പിഴ ചുമത്തും. എന്നാൽ ഖത്തർ എനർജി പോലുള്ള കമ്പനികൾക്ക് ഇത് അംഗീകരിക്കാനാവില്ലെന്ന് 2024 ഡിസംബർ 7 ന് നടന്ന ദോഹ ഫോറത്തിൽ തന്നെ ഖത്തർ ഊർജ സഹമന്ത്രി വ്യക്തമാക്കിയിരുന്നു.
ഖത്തർ എനർജിയുടെ അഞ്ച് ശതമാനം വരുമാനം ഖത്തറിന്‍റെ അഞ്ച് ശതമാനം വരുമാനമാണ്. അത് ഖത്തറിലെ ജനങ്ങളുടെ പണമാണ്. അങ്ങനെയുള്ള പണം നഷ്ടപ്പെടുത്താൻ തയ്യാറല്ല. അഞ്ച് ശതമാനം വരുമാനം പിഴയടയ്ക്കണമെങ്കിൽ യൂറോപ്യൻ യൂണിയനിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യേണ്ടതില്ല എന്നാണ് ഖത്തർ നിലപാടെന്നും സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി.