Posted By: Nri Malayalee
December 19, 2024
സ്വന്തം ലേഖകൻ: യുഎഇ നിവാസികള്‍ക്കിടയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വിവിധ രീതിയിലുള്ള ഉപയോഗം നിയന്ത്രിക്കുകയും പുകവലി ശീലം ഉപേക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമായി പുതിയ പ്രായോഗിക മാര്‍നിര്‍ദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം. എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്), അബൂദാബി ആരോഗ്യവകുപ്പ് , ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബായ് ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പുകയില ആശ്രിതത്വം കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക മാര്‍ഗരേഖ പുറത്തിറക്കിയത്.
പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് പിന്തുണ നല്‍കുന്നതിനും ആവശ്യമായ വൈദഗ്ധ്യം നല്‍കി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കുക എന്നതാണ് മാര്‍ഗ്ഗനിര്‍ദ്ദേശം ലക്ഷ്യമിടുന്നത്. ദുബായില്‍ നടന്ന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് സെക്ടര്‍ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റാന്‍ഡ്, ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികേതര രോഗങ്ങളുടെയും മാനസികാരോഗ്യ വിഭാഗത്തിന്‍റെയും മേധാവി ഡോ. ബുതൈന ബിന്‍ ബിലൈല, മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യുഎഇയിലുടനീളമുള്ള ആരോഗ്യ വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
പുകയിലയുടെ എല്ലാ തരത്തിലുമുള്ള ഉല്‍പ്പന്നങ്ങളും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അവബോധം, ഫലപ്രദമായ കൗണ്‍സിലിങ്, മനശാസ്ത്രപരമായ പിന്തുണ എന്നിവയിലൂടെ പുകയില പ്രതിരോധ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുക്കിയ മാര്‍ഗരേഖ ആരോഗ്യ വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. പുകയില ഉപയോഗം നിര്‍ത്തിയവര്‍ വീണ്ടും ഇതിലേക്ക് തിരികെ വരുന്നത് തടയാന്‍ ഫോളോ-അപ്പ് പരിചരണത്തിനും പദ്ധതി മുന്‍ഗണന നല്‍കുന്നു.
പുകയില ആസക്തിയുടെ ഓരോ ഘട്ടവും കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ തന്ത്രങ്ങളും വിശദമായ നടപടികളും മാര്‍ഗരേഖ വാഗ്ദാനം ചെയ്യുന്നു. ഈ ഇടപെടലുകളില്‍ മൂന്ന് പ്രാഥമിക ഗ്രൂപ്പുകളെ അഭിസംബോധന ചെയ്യുന്നതിനായി ആരോഗ്യ അധികാരികള്‍ അംഗീകരിച്ച പെരുമാറ്റ ചികിത്സകളും മരുന്നുകളും ഉള്‍പ്പെടുന്നു. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, നിര്‍ത്താന്‍ തയ്യാറല്ലാത്തവര്‍, വീണ്ടും പഴയ ശീലത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗമാക്കിയാണ് ഇവരെ കൈകാര്യം ചെയ്യുക.