മനാമ: പുകവലിയും പുകയില ഉപയോഗവും നിയന്ത്രിക്കുന്ന 2009ലെ പുകവലി വിരുദ്ധ നിയമം നമ്പര്‍ എട്ടിലെ ആര്‍ട്ടിക്കിള്‍ (20) ഭേദഗതി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകരിച്ചു. ഭേദഗതികള്‍ ഷൂറ കൗണ്‍സിലും പ്രതിനിധി കൗണ്‍സിലും നേരത്തെ അംഗീകരിച്ചിരുന്നു.
പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം. രാജ്യത്ത് പുകയില കൃഷി ചെയ്യുന്നതും പുകയില ഉല്‍പാദിപ്പിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിയന്ത്രിച്ചിട്ടുണ്ട്.
നിയമ പ്രകാരം പൊതുഗതാഗത മാര്‍ഗങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയ അടഞ്ഞ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരിക്കുന്നു. 18 വയസ്സില്‍ താഴെയുള്ള വ്യക്തികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും സൗജന്യമായി നല്‍കുന്നതും നിയമവിരുദ്ധമാണ്.
പുകയില ഉല്‍പന്നങ്ങളുടെ പരസ്യം, പ്രോത്സാഹനം, സ്‌പോണ്‍സര്‍ഷിപ് എന്നിവ പൊതുസ്ഥലങ്ങളിലും മാധ്യമങ്ങളിലും നിരോധിച്ചു. സ്‌പോര്‍ട്‌സ് ക്ലബുകള്‍, പാര്‍ക്കുകള്‍, പൊതു പൂന്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലിക്കാനുള്ള കഫേകള്‍ തുറക്കുന്നത് നിരോധിച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ പുകവലിക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നിയമത്തിലെ പുതിയ വ്യവസ്ഥകള്‍
ആര്‍ട്ടിക്കിള്‍ 4 ലംഘിക്കുന്നവര്‍ക്ക് 20 ദിനാര്‍ മുതല്‍ 50 ദിനാര്‍ വരെ പിഴ ലഭിക്കും
ആര്‍ട്ടിക്കിള്‍ 5, 8, 13 എന്നിവയുടെ ലംഘനത്തിന് 100 ദിനാറില്‍ കുറയാത്ത പിഴ ലഭിക്കും
ആര്‍ട്ടിക്കിള്‍ 7 ഉം 12 ഉം ലംഘിക്കുന്നവര്‍ക്ക് 1,000 മുതല്‍ 3,000 ദിനാര്‍ വരെയാണ് പിഴ
ആര്‍ട്ടിക്കിള്‍ 2, 3 ലംഘിക്കുന്നവര്‍ക്ക് 2,000 മുതല്‍ 5,000 ദിനാര്‍ വരെയാണ് പിഴ
ആര്‍ട്ടിക്കിള്‍ 11 ന്റെ ലംഘനത്തിന് ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ 1,000 മുതല്‍ 100,000 ദിനാര്‍ വരെ പിഴയും ലഭിക്കും
കൂടാതെ, കുറ്റം ചെയ്ത സ്ഥാപനം മൂന്ന് മാസം വരെ അടച്ചിടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതിക്ക് ഉത്തരവിടാം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് നിയമം പ്രാബല്യത്തില്‍ വരും.