• Sat. Apr 5th, 2025

24×7 Live News

Apdin News

പെന്‍ഗ്വിനുകള്‍ മാത്രം അധിവസിക്കുന്ന ദ്വീപുകള്‍ക്ക് മേലും നികുതി ചുമത്തി ട്രംപ്; പരിഹസിച്ച് സോഷ്യല്‍ മീഡിയ

Byadmin

Apr 4, 2025





മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിന്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍പക്ഷികളും മാത്രമാണുള്ളത് എന്നതാണ് രസകരമായ വസ്തുത. യുഎസിനെ സമ്പന്നതയിലേക്ക് എത്തിക്കാന്‍ പെന്‍ഗ്വിനുകളെയും ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

വൈറ്റ് ഹൗസ് പുറത്തുവിട്ട വ്യാപാര താരിഫ് ചുമത്തപ്പെടുന്ന ” രാജ്യങ്ങളുടെ” പട്ടികയിലാണ് ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ ഉള്‍പ്പെട്ടത്.

ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകളിലേക്കെത്താന്‍ പെര്‍ത്തില്‍ നിന്ന് രണ്ടാഴ്ചയോളം ബോട്ടില്‍ സഞ്ചരിക്കണം. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. ഭൂമിയില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഇതിനോട് പ്രതികരിക്കവേ പറഞ്ഞു.

37,000 ഹെക്റ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപുകള്‍ക്ക് ഫിലാഡല്‍ഫിയയേക്കാള്‍ അല്‍പ്പം വലുതാണ്. 1997ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 2745 മീറ്റര്‍ ഉയരത്തിലുള്ള സജീവ അഗ്നിപര്‍വ്വതമായ ബിഗ് ബെന്‍ ആണ് ഹേഡ് ദ്വീപിലുള്ളത്.

അമേരിക്കയ്ക്ക് ‘വിമോചന ദിന’മെന്ന പ്രഖ്യാപനത്തോടെ വ്യാപാര പങ്കാളികള്‍ക്ക് കനത്ത തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയിലെത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും അടിസ്ഥാന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും പ്രഖ്യാപിച്ചു. ജപ്പാന് 24 ശതമാനമാണ് തീരുവ.



By admin