Posted By: Nri Malayalee
February 24, 2025

സ്വന്തം ലേഖകൻ: യു.എസ്. സായുധസേനാതലപ്പത്ത് മുൻപെങ്ങുമില്ലാത്തവിധമുള്ള അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായിരുന്ന വ്യോമസേനാ ജനറൽ സി.ക്യു. ബ്രൗണിനെ അദ്ദേഹം വെള്ളിയാഴ്ച പുറത്താക്കി. അഡ്മിറൽമാരും ജനറൽമാരുമായ മറ്റ് അഞ്ചുപേരെക്കൂടി മാറ്റി.
മുൻ ലെഫ്. ജനറൽ ഡാൻ റേസിൻ കെയ്നിനെയാണ് ബ്രൗണിന്റെ പിൻഗാമിയായി ട്രംപ് കണ്ടുവെച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നതപദവിയിൽ നിയമിക്കുന്നത് ആദ്യമായാണ്.
നാവികസേനാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും പ്രസിഡന്റ് നീക്കുമെന്ന് പെന്റഗൺ അറിയിച്ചു. നാവികസേനാ മേധാവിയുടെ പദവിയിലെത്തിയ ആദ്യ വനിതയാണ് അഡ്മിറൽ ഫ്രാഞ്ചെറ്റി. കര, നാവിക, വ്യോമസേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽമാരെയും മാറ്റും. സൈന്യത്തിലെ നീതിന്യായനിർവഹണത്തിന്റെ ചുമതലയുള്ളവരാണിവർ.
ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫാകുന്ന രണ്ടാം ആഫ്രോ-അമേരിക്കൻ വംശജനാണ് സി.ക്യു. ബ്രൗൺ. 2027 സെപ്റ്റംബർവരെ അദ്ദേഹത്തിനു കാലാവധിയുണ്ട്. എന്നാൽ, പിൻഗാമിയുടെ നിയമനം സെനറ്റ് അംഗീകരിക്കുംമുൻപുതന്നെ സ്ഥാനമൊഴിയാനാണ് ട്രംപ് ബ്രൗണിനോട് നിർദേശിച്ചിരിക്കുന്നത്.
ബ്രൗൺ ഉൾപ്പെടെയുള്ളവരെ പുറത്താക്കുന്നതിന് കാരണമൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലിംഗഭേദം, വർഗം, വർണം തുടങ്ങിയവ നോക്കാതെ സർക്കാരിന്റെ ഉന്നതപദവികളിൽ നിയമനം നടത്തിയ മുൻഗാമി ബൈഡന്റെ നയത്തെ എതിർക്കുന്ന ട്രംപ് ഇക്കാരണത്താലാണോ ഈ മാറ്റങ്ങൾ വരുത്തിയതെന്നാണ് സംശയം. ട്രംപിന്റെ തീരുമാനത്തെ ഡെമോക്രാറ്റുകൾ അപലപിച്ചു.