മനാമ: ബഹ്റൈനി പിതാവിന് ജനിച്ച എട്ടു വയസ്സുകാരിക്ക് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവ്. 2018 ല്‍ ജനിച്ച കുട്ടിക്ക് ജനനം മുതല്‍ പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലായിരുന്നു. രേഖകള്‍ പിതാവിന് കൈമാറാനും തീരുമാനം രജിസ്റ്ററില്‍ രേഖപ്പെടുത്താനും ഹൈ സിവില്‍ കോടതി ഉത്തരവിട്ടു.
രേഖകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്. പിതാവിന്റെ വംശാവലി സ്ഥിരീകരിക്കുന്ന ശരിയത്ത് വിധിയും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിവില്‍ വിധിയും അധികാരികളെ ബോധിപ്പിച്ചെങ്കിലും രേഖകള്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകന്‍ ജാസിം അല്‍ ഇസ്സ മുഖേനെ ഹൈ സിവില്‍ കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.
ശരീഅത്ത് പ്രകാരം വംശാവലി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍, ബഹ്റൈന്‍ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ടുകള്‍ പരിമിതപ്പെടുത്തുകയും ബഹ്റൈന്‍ പിതാവിന് ജനിച്ച ഒരാളെ ബഹ്റൈനിയായി കണക്കാക്കുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഉദ്ധരിച്ചാണ് കുട്ടിക്ക് രേഖകള്‍ നല്‍കാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍, ജനനം മുതല്‍ പൗരത്വമുള്ള കുട്ടിക്ക് ബഹ്റൈന്‍ പാസ്പോര്‍ട്ടിന് അര്‍ഹതയുണ്ടെന്നും കോടതി വിധിച്ചു.
ജനസംഖ്യാ രജിസ്റ്റര്‍, തിരിച്ചറിയല്‍ കാര്‍ഡ് നിയമങ്ങള്‍ എന്നിവയെക്കുറിച്ചും വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വ്യക്തികളെ രജിസ്റ്റര്‍ ചെയ്യണമെന്നും, ഒരു വ്യക്തിഗത നമ്പര്‍ നല്‍കണമെന്നും, അവരുടെ തിരിച്ചറിയല്‍, സിവില്‍ വിശദാംശങ്ങള്‍ അടങ്ങിയ ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും നിയമങ്ങള്‍ അനുശാസിക്കുന്നു.
The post പോരാട്ടങ്ങള്‍ക്കൊടുവില്‍ 8 വയസ്സുകാരിക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ ഉത്തരവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.