ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയർത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
മകൾക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ നിലവിലെ തുക തീർത്തും അപര്യാപ്തമാണെന്നാണ് ഹസിൻ ജഹാന്റെ വാദം.
ഹർജിയിൽ ഷമിക്കും പശ്ചിമബംഗാൾ സർക്കാരിനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജജയ്ൽ ഭുവിയാൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. 2021–22 ലെ ആദായനികുതി റിട്ടേൺ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏകദേശം 48 രൂപ കോടിയാണെന്നും ഹർജിയിൽ ഹസിൻ ചൂണ്ടിക്കാണിക്കുന്നു. റേഞ്ച് റോവർ, ജാഗ്വാർ, മെഴ്‌സിഡസ്, ഫോർച്യൂണർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഷമിയുടെ കൈവശമുണ്ടെന്നും ഹർജിയിൽ ഹസിൻ പറയുന്നു.
2018ലാണ് ഷമിക്കെതിരെ ഗാർഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാൻ രംഗത്തെത്തുന്നത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഷമിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിചാരണ കോടതി മകൾക്ക് പ്രതിമാസം 80,000 രൂപ അനുവദിച്ചെങ്കിലും ഹസിന് ജീവനാംശം നിഷേധിച്ചിരുന്നു. പിന്നീട് 2023 ൽ സെഷൻസ് കോടതി ഹസിന് 50,000 രൂപയും മകൾക്ക് 80,000 രൂപയും ജീവിനാംശം നൽകാൻ വിധിച്ചു. 2025 ജൂലൈ 1 ന് കൊൽക്കത്ത ഹൈക്കോടതി തുക യഥാക്രമം ഹസിന് 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയായും വർദ്ധിപ്പിക്കുകയായിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.