• Wed. Aug 26th, 2026

24×7 Live News

Apdin News

പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്‌നാഥ് സിങ്

Byadmin

Aug 26, 2026


ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ നിർമാണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ അനുമതി നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഡി.ആർ.ഡി.ഒ (DRDO) വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ കൈമാറും. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

എം.എസ്.എം.ഇകൾ ഉൾപ്പെടെയുള്ള തദ്ദേശീയ കമ്പനികളുടെ പങ്കാളിത്തം പ്രതിരോധ വിതരണ ശൃംഖലയിൽ ഉറപ്പാക്കാൻ ഇത് സഹായിക്കും. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്. അയൽരാജ്യങ്ങൾ മിസൈൽ സാങ്കേതികവിദ്യയും ബഹിരാകാശ ശേഷിയും വേഗത്തിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ, തദ്ദേശീയമായ മിസൈൽ ഉത്പാദനശേഷി വർധിപ്പിക്കുന്നത് ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിന് നിർണായകമാകും.

പാകിസ്താൻ ചൈനയുടെ സഹകരണത്തോടെ കഴിഞ്ഞ 16 മാസത്തിനിടെ 6 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായും ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതായും സെന്റർ ഫോർ ഏയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.54 ലക്ഷം കോടിയും കയറ്റുമതി 23,622 കോടി രൂപയുമായി ഉയർന്നിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ 1.75 ലക്ഷം കോടിയുടെയും 2029-ഓടെ 3 ലക്ഷം കോടി രൂപയുടെയും പ്രതിരോധ ഉത്പാദനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

By admin