• Sun. Feb 2nd, 2025

24×7 Live News

Apdin News

പ്രത്യേക ക്രിസ്ത്യൻ,മുസ്ലീം, തമിഴ് രാജ്യങ്ങള്‍ക്കായി ഖലിസ്താന്‍ സംഘടന പ്രവര്‍ത്തിച്ചുവെന്ന് കേന്ദ്രം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 2, 2025


Posted By: Nri Malayalee
February 1, 2025

സ്വന്തം ലേഖകൻ: നിരോധിത ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് മണിപ്പൂരില്‍ വിഘടനവാദത്തിന് ശ്രമിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ തിരയുന്ന ഗുര്‍പത്‌വന്ത് സിങ് പന്നുവാണ് സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവന്‍. മുസ്ലീങ്ങള്‍, തമിഴര്‍, മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ എന്നിവരെ വിഘടനവാദത്തിന് പ്രേരിപ്പിക്കാന്‍ സിഖ് ഫോര്‍ ജസ്റ്റിസ് ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സിഖ് ഫോര്‍ ജസ്റ്റിസിന് 2020 ല്‍ ഏര്‍പ്പെടുത്തിയ നിരോധനം നീട്ടുന്ന വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള യു.എ.പി.എ ട്രിബ്യൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ക്കെതിരെ ഭീകരാക്രമണത്തിനും ഈ സംഘടന പദ്ധതിയിട്ടിരുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. മണിപ്പൂരിലെ ക്രിസ്തുമത വിശ്വാസികളെ പ്രത്യേക രാജ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ സിഖ് ഫോര്‍ ജസ്റ്റിസ് പ്രേരിപ്പിച്ചു. മണിപ്പൂരിലെ കുക്കി- മെയ്‌തെയ് സംഘര്‍ഷത്തിനെ മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിടാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാനമായി തമിഴ്‌നാടിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക ‘ദ്രാവിഡസ്താന്‍’ രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ചില തമിഴ് സംഘടനകളെ പ്രേരിപ്പിച്ചു. ഇതേപോലെ ന്യൂനപക്ഷ പ്രശ്‌നം ഉന്നയിച്ച് മുസ്ലീങ്ങള്‍ക്ക് വേണ്ടി ‘ഉര്‍ദുയിസ്താന്‍’ എന്നൊരു രാജ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്താനും സിഖ് ഫോര്‍ ജസ്റ്റിസ് ശ്രമം നടത്തിയെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇത് മാത്രമല്ല ചില ദളിത് സംഘടനകളോട് തങ്ങളുടെ പദ്ധതിക്ക് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലും ഹരിയാണയിലും കര്‍ഷക ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ പിന്നിലും സിഖ് ഫോര്‍ ജസ്റ്റിസിന്റെ കൈകളുണ്ടായിരുന്നു.

ഇന്ത്യയെ വിവിധ ചെറുരാജ്യങ്ങളായി വിഘടിപ്പിക്കുക എന്നുള്ളതാണ് പന്നുവിന്റെ നേതൃത്വത്തിലുള്ള സിഖ് ഫോര്‍ ജസ്റ്റിസിന്റെ ലക്ഷ്യങ്ങളിലൊന്ന്. സിഖ് മതവിശ്വാസികള്‍ക്ക് മാത്രമായി ഖലിസ്താന്‍ എന്നൊരു രാജ്യം സ്ഥാപിക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ഗുണ്ടാ- മാഫിയ സംഘങ്ങള്‍, ഭീകരവാദ സംഘടനകള്‍, കശ്മീര്‍ വിഘടന വാദികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് പാകിസ്താനില്‍ നിന്ന് സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. നിലവില്‍ രാജ്യത്താകെ 104 കേസുകളാണ് സിഖ് ഫോര്‍ ജസ്റ്റിസിനെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും രഹസ്യാന്വേഷണ ഏജന്‍സി ട്രിബ്യൂണലിനെ അറിയിച്ചു.

ഇത് മാത്രമല്ല രാജ്യത്തെ രാഷ്ട്രീയക്കാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ വിദേശത്ത് പഠിക്കുന്ന മക്കളുടെ പട്ടിക സിഖ് ഫോര്‍ ജസ്റ്റിസ് തയ്യാറിക്കിയിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ പിടിയിലായാല്‍ ഇവരെ വിലപേശലിന് ഉപയോഗിക്കുക എന്നതായിരുന്നു തന്ത്രം. മാത്രമല്ല ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രവര്‍ത്തകര്‍ക്കുള്ളില്‍ പ്രചരിപ്പിക്കുകയും അവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സിഖ് ഫോര്‍ ജസ്റ്റിസിനുള്ള നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

By admin