മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ബഹ്റൈനിലെ ജനങ്ങള്‍ക്കും ഇസ്ലാമിക ലോകത്തിനും ആശംസകള്‍ നേര്‍ന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. പ്രവാചകന്റെ ജീവിതത്തിലും അധ്യാപനത്തിലും അന്തര്‍ലീനമായ കാരുണ്യം, സമാധാനം, അനുകമ്പ തുടങ്ങിയ മൂല്യങ്ങള്‍ ഹമദ് രാജാവ് ഓര്‍മിപ്പിച്ചു.
പ്രവാചകന്റെ സന്ദേശങ്ങള്‍ കാരുണ്യവും സാഹോദര്യവും ഐക്യവും വളര്‍ത്തുന്നതിനും ഭിന്നതകളും സംഘര്‍ഷങ്ങളും ഒഴിവാക്കുന്നതിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധത, ആത്മാര്‍ത്ഥത, മറ്റുള്ളവരെ സേവിക്കാനുള്ള മനസ്സ് തുടങ്ങിയ പ്രവാചകന്റെ ജീവിതത്തിലെ ഉന്നതമായ മൂല്യങ്ങള്‍ ദിനംപ്രതി ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹം ബഹ്റൈന്‍ ജനതയോട് ആഹ്വാനം ചെയ്തു.
നിലവിലുള്ള പ്രാദേശിക സംഘര്‍ഷങ്ങളും, കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരടക്കമുള്ള നിരപരാധികളായ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതും ദേശീയ ഐക്യം നിലനിര്‍ത്തേണ്ടതിന്റെയും ഭിന്നതകളും സംഘര്‍ഷങ്ങളും ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫലസ്തീനിലെയും ഗാസാ മുനമ്പിലെയും ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച അദ്ദേഹം, ഈ ദുരിതത്തില്‍ നിന്ന് അവര്‍ക്ക് സമാധാനവും സംരക്ഷണവും ലഭിക്കട്ടെ എന്നും പറഞ്ഞു.
അതേസമയം, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജാവിന് ആശംസാ സന്ദേശം അയച്ചു. സഹിഷ്ണുത, മിതത്വം, സഹവര്‍ത്തിത്വം തുടങ്ങിയ പ്രവാചകന്റെ മഹത്തായ പാരമ്പര്യത്തെയും മൂല്യങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
The post പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം; ആശംസകള്‍ നേര്‍ന്ന് ഹമദ് രാജാവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.