• Thu. Jan 9th, 2025

24×7 Live News

Apdin News

പ്രവാസികളുടെ നടുവൊടിച്ച് അബുദാബിയിലെ വാടക വർധന; ദുബായ് മാതൃക വേണമെന്ന് ആവശ്യം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 8, 2025


Posted By: Nri Malayalee
January 8, 2025

സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും.

താമസം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാമെന്നു വച്ചാൽ അതിനും മാർഗമില്ല. പുതുതായി വാടക കരാർ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതുക്കുന്നവരെക്കാൾ കൂടിയ നിരക്കാണ് വിവിധ കമ്പനികളും കെട്ടിട ഉടമകളും ഈടാക്കുന്നത്. അതിനാൽ വർധിച്ച നിരക്കാണെങ്കിലും നിലവിലെ വാടക കരാർ പുതുക്കാൻ നിർബന്ധിതരാവുകയാണ് പലരും.

ദുബായിലെ കരാമ, ഖിസൈസ്, സത്‌വ, ഷാർജയിലെ റോള എന്നിവ പോലെ അബുദാബിയിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന മുസഫ റസിഡൻഷ്യൽ ഏരിയകളിൽ (ഷാബിയ) ഫ്ലാറ്റുകൾ കിട്ടാനില്ല. കെട്ടിട ഉടമകൾ 5 മുതൽ 30% വരെ വാടക കൂട്ടിയിട്ടും വർധിച്ച നിരക്കുനൽകി അതതു കെട്ടിടങ്ങളിൽ കഴിയേണ്ട അവസ്ഥയാണ്.

ഈ പ്രദേശത്ത് പുതിയ കെട്ടിടങ്ങൾ വരാത്തതും നിലവിലുള്ളവ കാലിയാകാത്തതും മൂലം ആവശ്യം കൂടിവരികയാണ്. അതുകൊണ്ടുതന്നെ ഓരോ വർഷവും വാടകയുടെ 5-10% വരെ കൂട്ടുകയാണ് കെട്ടിട ഉടമകൾ. നിലവിലുള്ള വാടകയെക്കാൾ 5,000 മുതൽ 20,000 ദിർഹം വരെ കൂട്ടിയവരുമുണ്ട്.

അതിനു പുറമേ 5000 ദിർഹം ഡിപ്പോസിറ്റ്, 1000 ദിർഹം ജലവൈദ്യുതി ഡിപ്പോസിറ്റ്, 5% വാറ്റ്, ഇന്റർനെറ്റ്, റജിസ്ട്രേഷൻ ഫീസ്, കെട്ടിടത്തിന്റെ വാച്ച്മാനുള്ള ‘സ്നേഹോപഹാരം’ എന്നിവ കൂടി ചേർത്താൽ തുക കൂടും. ബ്രോക്കർമാരുടെ കമ്മിഷൻ വേറെയും.

പുതുതായി കുടുംബത്തെ കൊണ്ടുവരുന്നവർക്ക് മിതമായ നിരക്കിൽ ഫ്ലാറ്റ് കിട്ടാത്ത സ്ഥിതിയാണ്. അത്തരക്കാർ തൽക്കാലം പരിചയക്കാരുടെയോ കുടുംബങ്ങളുടെയോ കൂടെ താമസിച്ച ശേഷം അതേ കെട്ടിടത്തിൽ ഒഴിവുവരുന്ന ഫ്ലാറ്റുകളിലേക്ക് മാറുകയാണ് പതിവ്.

30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളിലടക്കം വാടക വർധിപ്പിക്കാൻ ഉടമകൾ മത്സരിക്കുമ്പോഴും കാലോചിതമായ സൗകര്യം ഒരുക്കുന്നില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്താറില്ല. ജലസംഭരണികൾ വർഷങ്ങളായി വൃത്തിയാക്കാത്ത കെട്ടിടങ്ങളുണ്ട്. സമയബന്ധിതമായി ശുചീകരണ, കീടനാശിനി പ്രയോഗം ഇല്ലാത്തതിനാൽ പാറ്റകളുടെ കേന്ദ്രമാണ് പല കെട്ടിടങ്ങളും. അറ്റകുറ്റപ്പണിക്കുള്ള ചെലവ് താമസക്കാരോട് വഹിക്കാനാണ് ചില കെട്ടിട ഉടമകൾ ആവശ്യപ്പെടുന്നത്.

By admin