Posted By: Nri Malayalee
February 12, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-12-165526-640x340.png?resize=640%2C340)
സ്വന്തം ലേഖകൻ: ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ വീസാ മെഡിക്കല്‍ സേവനങ്ങൾ പകല്‍ സമയത്ത് മാത്രമായി പരിമിതപ്പെടുത്തി. വീസാ മെഡിക്കലിനായി രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള സമയവും ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സർക്കുലർ പ്രകാരം രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇനി സാമ്പിള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നത്.
ലബോറട്ടറി പരിശോധനക്കായി ആരോഗ്യ മന്ത്രാലയത്തില്‍ (സി ഡി സി) സാമ്പിളുകള്‍ അയക്കുന്നതിനുള്ള സമയം രാവിലെ 7.30നും പത്ത് മണിക്കും ഇടയിലായിരിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം ഈ മാസം പത്ത് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നേരത്തെ രാത്രി വൈകി ഉള്‍പ്പെടെ വീസാ മെഡിക്കല്‍ സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും വീസാ മെഡിക്കലിന് ആവശ്യമായ രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സി ഡി സിയില്‍ ലബോറട്ടറി പരിശോധനക്ക് നല്‍കുന്നതിനും കൂടുതല്‍ സമയം അനുവദിച്ചിരുന്നു.
പുതിയ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ലംഘനമായി കണക്കാക്കുമെന്നും സ്ഥാപനത്തെ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം, വീസാ മെഡിക്കല്‍ സമയം കുറച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. ജോലി സമയം കഴിഞ്ഞും രാത്രി വൈകിയും വീസാ മെഡിക്കലിന് രക്ത സാമ്പിളുകള്‍ നല്‍കിയാല്‍ മതിയായിരുന്നുവെങ്കില്‍ പുതിയ ഉത്തരവ് പ്രകാരം പകല്‍ സമയത്തെ ജോലിക്കിടയില്‍ തന്നെ വീസാ മെഡിക്കല്‍ കേന്ദ്രങ്ങളിലെത്തേണ്ടിവരും.