Posted By: Nri Malayalee
February 1, 2025
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാവുകയാണെന്ന് റിപ്പോർട്ടുകൾ. പുതിയ കണക്കുകൾ പ്രകാരം, സ്വകാര്യ മേഖലയിലെ പുതിയ തൊഴിലവസരങ്ങളിൽ സ്വദേശികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ സ്വകാര്യ മേഖലയിൽ 55.8 ശതമാനം സ്വദേശികൾ തൊഴിൽ നേടി. മുൻകാലങ്ങളിൽ വിദേശ തൊഴിലാളികളായിരുന്നു ഈ കണക്കുകളിൽ കൂടുതലും.
പുതിയ കണക്കുകൾ പ്രകാരം, സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ നേടിയ 2.77 ലക്ഷം ആളുകളിൽ 44.2 ശതമാനം മാത്രമാണ് വിദേശ തൊഴിലാളികൾ. തൊഴിൽ നേടിയ സ്വദേശികളിൽ 49 ശതമാനം വനിതകളാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭിച്ചത്. മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്.
സ്വദേശികളുടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി മന്ത്രാലയം നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ദന്തൽ, ഫാർമസി, ലാബ്, എൻജിനീയറിങ്, അക്കൗണ്ട്സ് എന്നിങ്ങനെ 269 തൊഴിൽ തസ്തികകളിൽ സ്വദേശിവൽക്കരണം പല ഘട്ടങ്ങളിലായി നടപ്പാക്കും. ആരോഗ്യം, വാണിജ്യം, നഗര മന്ത്രാലയങ്ങൾക്കു കീഴിലുള്ള തൊഴിൽ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്.
കമ്യൂണിറ്റി ഫാർമസി മെഡിക്കൽ കോംപ്ലക്സ് മേഖലയിൽ 35 ശതമാനം, ആശുപത്രി ഫാർമസികളിൽ 55 ശതമാനവും സൗദി സ്വദേശികൾക്ക് മാത്രമായി നീക്കിവെക്കും. അഞ്ചോ അതിലധികമോ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന ഫാർമസികൾക്കാണ് ഇത് ബാധകമാകുന്നത്. മൂന്നോ അതിലധികമോ ഡോക്ടർമാർ ജോലി ചെയ്യുന്നിടങ്ങളിലും സൗദി സ്വദേശിവൽക്കരണം നടപ്പാക്കും. അക്കൗണ്ടിങ് മേഖലയിൽ അഞ്ച് ഘട്ടങ്ങളിലായി സ്വദേശിവൽക്കരണം നടപ്പിൽ വരുത്തും. അഞ്ചും അതിലധികവും എൻജിനീയർമാർ ഉള്ള സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം ബാധകമാകും.
സ്വദേശിവൽക്കരണ പദ്ധതികൾ വ്യാപിക്കുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളെ അപേക്ഷിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾ സ്വദേശികൾക്കായി ഒരുങ്ങുകയാണ്.
സ്വകാര്യ മേഖലയിലെ ചില തസ്തികകൾ സ്വദേശിവൽക്കരിച്ചതോടെ തൊഴിൽ തസ്തിക മാറ്റുന്നതിനുള്ള അവസരം ഫെബ്രുവരി 1ന് അവസാനിക്കും. മാനവ വിഭവശേഷി മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. ഫെബ്രുവരി 1നുള്ളിൽ ഇഖാമയിലെ പ്രൊഫഷണുകൾ മാറ്റുന്നതിന് ആയിരം റിയാൽ സർവ്വീസ് ചാർജ് ഒടുക്കേണ്ടിവരും. ഏകീകൃത തൊഴിൽ തസ്തിക ക്രമീകരിക്കുന്നതിനായാണ് പ്രഫഷൻ മാറ്റാൻ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നത്.
5 വർഷം മുൻപാണ് ഏകീകൃത തൊഴിൽ ക്രമീകരണ നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയത്. അതനുസരിച്ച് നിരവധി തസ്തികകൾ ഇല്ലാതാക്കുകയും പുനക്രമീകരിക്കുകയും ചെയ്തിരുന്നു. ഇല്ലാതായ പ്രഫഷനുകളിൽ തൊഴിൽ എടുത്തിരുന്നവരുടെ പ്രൊഫഷനുകൾ പകരമുള്ളവയിലേക്ക് മാറ്റുന്നതിനും നൽകിയിരുന്ന നിർദ്ദേശ പ്രകാരമുള്ള സാവകാശമാണ് ഫെബ്രുവരി 1ന് അവസാനിക്കുന്നത്. ഖിവ പ്ലാറ്റ്‌ഫോമിലൂടെ തൊഴിൽ ഉടമയ്ക്ക് സൗജന്യമായി തസ്തിക മാറ്റം നടത്താനും സൗകര്യം നൽകിയിരുന്നു. സമയപരിധിക്കുള്ളിൽ തൊഴിൽ തസ്തിക മാറ്റാത്ത സ്ഥാപനങ്ങൾക്കുള്ള പിന്തുണ പിൻവലിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.