• Mon. Dec 22nd, 2025

24×7 Live News

Apdin News

പ്രവാസി സഹോദരിക്ക് തണലായി ‘പാപ്പാ ബഹ്‌റൈൻ’; സ്വപ്നഭവനം പദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചു

Byadmin

Dec 22, 2025


കോന്നി: പ്രവാസ ലോകത്തെ കാരുണ്യത്തിൻ്റെ കൈയൊപ്പായി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകിയ ‘സ്വപ്നഭവനം 2025’ പദ്ധതി യാഥാർത്ഥ്യമായി. കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു.

ബഹ്‌റൈനിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന, അസോസിയേഷൻ തിരഞ്ഞെടുത്ത നിർദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിർമ്മിച്ച് നൽകിയത്. സ്വന്തമായി ഒരു വീടെന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസ ലോകത്തെ സുമനസ്സുകളുടെ സഹായത്തോടെയാണ് ‘പാപ്പാ’ ഈ പദ്ധതി പൂർത്തിയാക്കിയത്.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനു കുരുവിള, സീനിയർ എക്സിക്യൂട്ടീവ് അംഗങ്ങളായ മോനി ഒടികണ്ടത്തിൽ, ഷീലു വർഗീസ് എന്നിവർക്ക് പുറമെ നാട്ടിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ‘പാപ്പാ സ്വപ്നഭവനം’. അർഹരായവർക്ക് തണലേകാൻ സംഘടന മുന്നോട്ടുവെക്കുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളെ എം.എൽ.എ പ്രശംസിച്ചു.

സഹപ്രവർത്തകയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് അസോസിയേഷൻ പ്രവർത്തകർ.

The post പ്രവാസി സഹോദരിക്ക് തണലായി ‘പാപ്പാ ബഹ്‌റൈൻ’; സ്വപ്നഭവനം പദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin