• Fri. Oct 31st, 2025

24×7 Live News

Apdin News

പ്രവാസ ലോകത്തെ ഏറ്റവും വലിയ കലോത്സവത്തിന് ദുബായിൽ തിരശ്ശീല ഉയരുന്നു

Byadmin

Oct 30, 2025


യുവകലാസാഹിതി കലോത്സവം സീസൺ 2 നവംബർ 15 മുതൽ
കേരള സ്കൂൾ കലോത്സവ മാതൃകയിൽ നൂറിലധികം ഇനങ്ങളിൽ 4000-ത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും ബൃഹത്തായ കലാമാമാങ്കമായ ‘യുവകലാസാഹിതി കലോത്സവം സീസൺ 2’-ന് നവംബർ 15-ന് ദുബായിൽ തുടക്കമാകും. ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിന്റെ (അൽ ഗർഹൂദ്, ദുബായ്) ആതിഥേയത്വത്തിൽ നവംബർ 15 മുതൽ 23 വരെ നടക്കുന്ന ഈ കലോത്സവത്തിൽ, 4 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള (കെ.ജി. തലം മുതൽ +2 വരെ) വിദ്യാർത്ഥികൾ നൂറിലധികം ഇനങ്ങളിലായി മാറ്റുരയ്ക്കും.

കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ ഓൺലൈനായി തുടക്കം കുറിച്ച കലോത്സവം, കഴിഞ്ഞ വർഷം അജ്മാനിൽ വെച്ച് വിജയകരമായി നടത്തിയ സീസൺ 1-ന്റെ വൻ ജനപങ്കാളിത്തത്തിന് ശേഷമാണ് രണ്ടാം സീസണുമായി ദുബായിൽ എത്തുന്നത്. കേരളത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അതേ മാതൃകയിലും ചിട്ടയോടെയുമാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്.
“കലോത്സവങ്ങൾ വെറും ആഘോഷങ്ങൾ മാത്രമല്ല, അവ അടയാളപ്പെടുത്തലുകൾ കൂടിയാണ്. നമ്മുടെ സംസ്കാരത്തെയും സാമൂഹിക മാനസികാരോഗ്യത്തെയും പരിപോഷിപ്പിക്കാൻ കലയ്ക്ക് സാധിക്കും. കുട്ടികളുടെ സർഗ്ഗ വാസനകൾക്ക് മികച്ച വേദി ഒരുക്കുക എന്നതാണ് യുവകലാസാഹിതിയുടെ ലക്ഷ്യം,” എന്ന് സംഘാടക സമിതി ജനറൽ കൺവീനർ മനു കൈനകിരി പറഞ്ഞു.

കലോത്സവത്തിന്റെ പ്രധാന സവിശേഷതകൾ:
● പ്രായ വിഭാഗങ്ങൾ (5 കാറ്റഗറികൾ):
○ കാറ്റഗറി 1: 4 – 6 വയസ്സ്
○ കാറ്റഗറി 2: 7 – 9 വയസ്സ്
○ കാറ്റഗറി 3: 10 – 12 വയസ്സ്
○ കാറ്റഗറി 4: 13 – 15 വയസ്സ്
○ കാറ്റഗറി 5: 16 – 18 വയസ്സ്

● മേഖലകൾ (5 റീജിയണുകൾ): യു.എ.ഇ. യെ അഞ്ച് പ്രധാന മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ.
1. അബുദാബി മേഖല (അബുദാബി, അൽ ഐൻ)
2. ദുബായ് മേഖല
3. ഷാർജ മേഖല
4. അജ്മാൻ മേഖല (അജ്മാൻ, ഉം അൽ ഖുവൈൻ)
5. റാസ് അൽ ഖൈമ മേഖല (റാസ് അൽ ഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ)

● മത്സര ഘടന:
○ സ്റ്റേജിതര (Off-stage), സ്റ്റേജ് (On-stage) വിഭാഗങ്ങളിലായി ചിത്രരചന, കഥാരചന, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോണോആക്ട്, നാടകം, ഒപ്പന തുടങ്ങി നൂറിലധികം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
○ സ്റ്റേജിതര മത്സരങ്ങൾ: നവംബർ 15, 16 തീയതികളിൽ അതാത് മേഖലകളിൽ നടക്കും.
○ സ്റ്റേജ് മത്സരങ്ങൾ: നവംബർ 17 മുതൽ 23 വരെ പ്രധാന വേദിയായ ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിൽ (അൽ ഗർഹൂദ്, ദുബായ്) വെച്ച് നടക്കും.

പ്രതിഭകൾക്ക് സാംസ്കാരിക നായകരുടെ പേരിൽ പുരസ്കാരങ്ങൾ

കലോത്സവത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന കാറ്റഗറി IV (13-15 വയസ്സ്) വിഭാഗത്തിലെ വിജയികൾക്ക് ‘കലാപ്രതിഭ’, ‘കലാതിലകം’ പട്ടങ്ങൾ നൽകും. കലാപ്രതിഭ പട്ടം ‘പി. ഭാസ്കരൻ ട്രോഫി’ ആയും, കലാതിലകം പട്ടം ‘മൃണാളിനി സാരാഭായി ട്രോഫി’ ആയും നൽകപ്പെടും.
മികച്ച നാടകത്തിന് ‘തോപ്പിൽ ഭാസി ട്രോഫി’, മികച്ച നടന് ‘തിലകൻ ട്രോഫി’, മികച്ച നടിക്ക് ‘കെ.പി.എ.സി. ലളിത ട്രോഫി’ എന്നിവയും സമ്മാനിക്കും. മറ്റ് കാറ്റഗറി ജേതാക്കൾക്ക് കുഞ്ഞുണ്ണി മാഷ്, സുഗതകുമാരി, കെടാമംഗലം സദാനന്ദൻ, എം.ടി. വാസുദേവൻ നായർ എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങളും നൽകി ആദരിക്കും.

രജിസ്ട്രേഷൻ ആരംഭിച്ചു
കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യുവകലാസാഹിതിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://yuvakalasahithyuae.org/ വഴി രജിസ്റ്റർ ചെയ്യണം. വിവിധ മത്സര ഇനങ്ങൾക്കായി പ്രത്യേകം ഫീസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഒരു കുട്ടിയിൽ നിന്ന് പരമാവധി 500 ദിർഹമാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്.
അജി കണ്ണൂർ (ചെയർമാൻ), മനു കൈനകിരി (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിൽസൺ തോമസ്, പ്രദീഷ് ചിതറ (രക്ഷാധികാരികൾ) ഉൾപ്പെടെ വിപുലമായ സംഘാടക സമിതിയാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്.

മീഡിയ കോൺടാക്റ്റ്:
(കൂടുതൽ വിവരങ്ങൾക്ക്)
ഫോൺ: 055 203 5233 | 050 787 8685
ഇമെയിൽ: [email protected]
വെബ്സൈറ്റ്: https://yuvakalasahithyuae

By admin