• Sun. Feb 15th, 2026

24×7 Live News

Apdin News

ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് റമദാനിലും പ്രവര്‍ത്തിക്കും

Byadmin

Feb 15, 2026


മനാമ: റമദാനില്‍ എല്ലാ ശനിയാഴ്ചയും ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. മാര്‍ക്കറ്റ് സന്ദര്‍ശനത്തിനിടെ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി എഞ്ചിനീയറായ വയീല്‍ ബിന്‍ നാസര്‍ അല്‍-മുബാറക് ആണ് പ്രഖ്യാപനം നടത്തിയത്. നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെ സെക്രട്ടറി ജനറല്‍ ഷെയ്ഖ മറാം ബിന്‍ത് ഇസ അല്‍ ഖലീഫ, കൃഷി, മൃഗവിഭവങ്ങള്‍ എന്നിവയുടെ അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ അസിം അബ്ദുള്‍ ലത്തീഫ് അബ്ദുല്ല, മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയാണ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിന്റെ നിലവിലെ പതിപ്പെന്ന് കൃഷി മന്ത്രി പറഞ്ഞു. 33 വില്‍പ്പന കേന്ദ്രങ്ങളാണ് റമദാനില്‍ പ്രവര്‍ത്തിക്കുക.

കഴിഞ്ഞ 12 ആഴ്ചയ്ക്കുള്ളില്‍ പൗരന്മാര്‍, താമസക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ 220,000 ത്തിലധികം പേര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. പ്രാദേശികമായി വളര്‍ത്തിയ 250 ടണ്ണിലധികം പച്ചക്കറികള്‍ വില്‍പന നടത്തി. 33 ബഹ്റൈനി കര്‍ഷകരാണ് ഈ സീസണില്‍ പങ്കെടുത്തത്. പ്രത്യേക കാര്‍ഷിക കമ്പനികള്‍, നഴ്‌സറികള്‍, ചെറുകിട പ്രോജക്ടുകള്‍, ഈത്തപ്പഴക്കടകള്‍, തേനീച്ച വളര്‍ത്തല്‍ സംരംഭങ്ങള്‍ എന്നിവയും ഈ സീസണില്‍ പങ്കെടുത്തു.

റെസ്റ്റോറന്റുകള്‍, കഫേകള്‍, ദാര്‍ അല്‍-ബദിയ ഫോക്ക് ട്രൂപ്പിന്റെ പരമ്പരാഗത പ്രകടനങ്ങള്‍, കാര്‍ഷിക, കലാ ശില്‍പശാലകള്‍, എല്ലാ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കുമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികളും മാര്‍ക്കറ്റില്‍ നടന്നിരുന്നു.

 

The post ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് റമദാനിലും പ്രവര്‍ത്തിക്കും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin