Posted By: Nri Malayalee
September 27, 2022

സ്വന്തം ലേഖകൻ: ഇനിയും ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാന ഘട്ട ടിക്കറ്റ് വിൽപനയ്ക്ക് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് തുടക്കമാകും. ഇന്നു മുതൽ ആരംഭിക്കുന്ന അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. അധികം താമസിയാതെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകും.
ഖത്തർ ലോകകപ്പ് ടിക്കറ്റുകളെല്ലാം മൊബൈൽ ടിക്കറ്റുകളാക്കി നൽകുമെന്ന് ഡെലിവറി ആൻഡ് ലെഗസി സുപ്രീം കമ്മിറ്റി അറിയിച്ചു. ഇതിനായി ഒക്ടോബർ രണ്ടാം പകുതിക്ക് മുമ്പ്, ഫിഫ ഒരു ടിക്കറ്റിങ് ആപ്പ് പുറത്തിറക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ ടിക്കറ്റുകൾ ഇതിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ കൈപറ്റിയ ടിക്കറ്റുകൾ ഈ ആപ്പിലേക്ക് അപ്ലോഡ് ചെയ്താണ് മൊബൈൽ ടിക്കറ്റുകൾ ലഭ്യമാക്കുക.
ടിക്കറ്റിങ് ആപ്പിന് പുറമേ, എല്ലാവരും ഒരു ഡിജിറ്റൽ ഹയ്യാ കാർഡിനായും(ഫാൻ ഐഡി) അപേക്ഷിക്കണം. ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായാണ് ഹയ്യാ കാർഡ് പരിഗണിക്കപ്പെടുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും ഹയ്യാകാർഡ് ആവശ്യമാണ്. ഡിജിറ്റൽ ഹയ്യാകാർഡിനും താമസസൗകര്യം ബുക്ക് ചെയ്യാനും Qatar2022.qa സന്ദർശിക്കുകയോ ‘ഹയ്യ ടു ഖത്തർ 2022’ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വേണം.
രണ്ടു ഘട്ടങ്ങളിലായുള്ള വിൽപനയിൽ 24.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ടിക്കറ്റുകൾക്ക്: https://www.fifa.com/fifaplus/en/tickets.