മനാമ: കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഡ്രോണ്‍ ആക്രമണങ്ങള്‍, തീപിടുത്തം, കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ അവശിഷ്ടങ്ങള്‍ വീണ സംഭവങ്ങള്‍ ഉള്‍പ്പെടെ 90 അടിയന്തര റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ സിവില്‍ ഡിഫന്‍സ് വിഭാഗം കൈകാര്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈന്‍ ടെലിവിഷനിലൂടെ ആഭ്യന്തര മന്ത്രാലയ പ്രതിനിധി ക്യാപ്റ്റന്‍ അബ്ദുള്ള വഹീദ് അല്‍ മന്നായിയാണ് നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഒരു ഹോട്ടലിനും രണ്ട് പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും നേരെ ആക്രമണശ്രമം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കി.
സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡ് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ സമുദ്രമേഖലയില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയുള്ള നിയന്ത്രണം നിലനില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
രാജ്യത്തെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് നേരെ നടന്ന നിരവധി സൈബര്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിക്കാനും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തിലും വേഗത്തിലും സംഘടിതമായും പ്രതികരിക്കുന്നതിനായി ‘നാഷണല്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റ് സെന്റര്‍’ സജ്ജമാക്കിയതായി ക്യാപ്റ്റന്‍ അല്‍ മന്നായി വിശദീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തങ്ങളും അവശിഷ്ടങ്ങള്‍ വീണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ ഉടനടി ഇടപെട്ടു. ഇത് ബഹ്‌റൈനിലെ അടിയന്തര സേവന വിഭാഗങ്ങളുടെ കാര്യക്ഷമതയും തയ്യാറെടുപ്പും തെളിയിക്കുന്നതാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബഹ്‌റൈനിലുടനീളം 33 അടിയന്തര അഭയകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 13 എണ്ണം പ്രവര്‍ത്തനക്ഷമമാക്കിയതായും 10 എണ്ണത്തില്‍ നിലവില്‍ ആളുകളെ താമസിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു. താമസം, വൈദ്യസഹായം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. ഇതിലൂടെ കുട്ടികള്‍ക്ക് സുരക്ഷിതമായി വീട്ടിലിരുന്ന് പഠനം തുടരാനാകും. കൂടാതെ, നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി സ്വീകരിച്ചു. നിലവില്‍ 70 ശതമാനത്തോളം ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.
അതേസമയം കുടിവെള്ളം, വൈദ്യുതി, ആരോഗ്യ സേവനങ്ങള്‍, ഭക്ഷ്യ വിതരണം തുടങ്ങിയ അത്യാവശ്യ സേവനങ്ങളെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ അലാറം സംവിധാനം ബഹ്‌റൈന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ നേരിട്ടുള്ള ഭീഷണി ഉണ്ടായാല്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
”ബഹ്‌റൈന്‍ വ്യോമാതിര്‍ത്തിക്ക് പുറത്തുവെച്ച് ഇറാനിയന്‍ വിമാനങ്ങളോ ഡ്രോണുകളോ തടയുമ്പോള്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്,” എന്ന് അല്‍ മന്നായി പറഞ്ഞു. ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.