• Sat. Nov 16th, 2024

24×7 Live News

Apdin News

ബഹ്റൈനിൽ വർക്ക് പെർമിറ്റ് പുതുക്കാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന് ആവശ്യം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 11, 2024


Posted By: Nri Malayalee
November 10, 2024

സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ നിലവിലെ റസിഡന്‍സി നിയമം അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അത് പുതുക്കിയില്ലെങ്കില്‍ തൊഴിലാളിയുടെ തുടര്‍ന്നുള്ള താമസം നിയമവിരുദ്ധമാവുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് അത് കാരണമാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരം ഉണ്ടാവണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍.

അബദ്ധത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വിട്ടുപോവുന്നവര്‍ക്കെതിരേ അടുത്ത ദിവസം മുതല്‍ കടുത്ത നടപടികള്‍ക്ക് വിധേയരാക്കുന്നതിന് പകരം അവര്‍ക്ക് കുറച്ച് ദിവസത്തെ സാവകാശം അനുവദിക്കണമെന്നാണ് എംപിമാരുടെ ആവശ്യം. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞ ശേഷം അവ പുതുക്കുന്നതിന് തൊഴിലുടമകള്‍ക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കണമെന്നാണ് എംപിമാര്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം.

എന്നാല്‍ ഇതിനോട് സര്‍ക്കാരിന് അനുകൂല സമീപനമല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമകള്‍ക്ക് കാലാവധി അവസാനിക്കുന്നതിന്റെ ആറ് മാസം മുൻപ് മുന്‍കൂര്‍ അറിയിപ്പ് നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. അതുകൊണ്ടു തന്നെ കാലാവധി കഴിഞ്ഞാല്‍ പിന്നീട് ഗ്രേസ് കാലാവധി നല്‍കേണ്ട ആവശ്യം വരുന്നില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.

ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നവരുള്‍പ്പെടെ നിയമം ലംഘിക്കുന്ന ഏതൊരു തൊഴിലുടമയ്ക്കും അഡ്മിനിസ്‌ട്രേറ്റീവ് പിഴ ബാധകമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന തൊഴില്‍ മന്ത്രാലയത്തിന്റെ ഒരു ജാഗ്രതാ സന്ദേശവും തൊഴിലുടമകള്‍ക്ക് മുന്‍കൂട്ടി നല്‍കുന്നുണ്ടെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രേസ് കാലാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എംപിമാരുടെ നിർദേശം ബഹ്റൈന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

എംപിമാരുടെ ഈ നിര്‍ദേശത്തിന് പിന്തുണയുമായി ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി രംഗത്തെത്തി. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന കാര്യത്തില്‍ ഗ്രേസ് കാലാവധി അനുവദിക്കുന്നത് തൊഴിലുടമകള്‍ക്ക് പ്രയോജനകരമാണെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പക്ഷം. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഒരു ദിവസം വൈകുന്നവരില്‍ നിന്ന് പോലും പിഴ ഈടാക്കുന്നത് ശരിയല്ലെന്നും മനപ്പൂര്‍വമല്ലാതെ സംഭവിക്കാനിടയുള്ള ഈ വീഴ്ചയ്ക്ക് പണം ഈടാക്കുന്നതിന് പകരം ഇക്കാര്യത്തില്‍ അവര്‍ക്ക് സാവകാശം നല്‍കുകയാണ് ചെയ്യേണ്ടതെന്നാണ് ചേംബര്‍ അധികൃതര്‍ പറയുന്നത്.

By admin