മനാമ: ബഹ്റൈന്‍ പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം ഔറ ആര്‍ട്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഫഷണല്‍ മീറ്റ് സമാപിച്ചു. മുഖ്യാതിഥിയായ രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് സംഗമം ഉദ്ഘാടനം ചെയ്തു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ പ്രവാസി മലയാളികള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വില മതിക്കാനാവാത്തതാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന്റെ ജിഡിപിയില്‍ പ്രവാസികള്‍ നല്‍കുന്ന സംഭാവനകളും എടുത്തു പറഞ്ഞ എംപി, പ്രവാസി മലയാളികളെ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ സംസ്ഥാനത്തിന്റെ സര്‍വ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്തണം എന്നും പറഞ്ഞു. ബഹ്റൈന്‍ പാര്‍ലമെന്റ്റ് അംഗം അഡ്വ. അബ്ദുള്ള ബിന്‍ ഖലീഫ അല്‍ റുമൈഹി ആശംസ അറിയിച്ചു.
തുടര്‍ന്ന് സംസാരിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡോ. അരുണ്‍ കുമാര്‍ ബഹ്റൈനിലെ പ്രവാസികളായ മലയാളികളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നതായും നിരവധി മേഖലകളില്‍ മലയാളി പ്രൊഫഷണലുകള്‍ക്ക് കേരളത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനായി സഹായിക്കാനാവും എന്നും പറഞ്ഞു.
ടൂബ്ലി മര്‍മാരിസ് ഹാളില്‍ തിങ്ങി നിറഞ്ഞ മലയാളി പ്രൊഫഷണലുകളുടെ സംഗമ വേദിയായി പിപിഎഫ് മീറ്റ്. മലയാളി പ്രവാസികള്‍ക്കും നാടിനും ഉപകാരപ്രദമാവുന്ന കൂടുതല്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ പ്രൊഫഷണല്‍ മീറ്റ് തീരുമാനം എടുത്തു. പിപിഎഫ് ജനറല്‍ സെക്രട്ടറി ഹരിപ്രകാശ് സംഘടനയെ പരിചയപ്പെടുത്തി.
പ്രസിഡന്റ് ഇഎ സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ പികെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ ആശംസാ പ്രസംഗം നടത്തി. ട്രഷറര്‍ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ. ശ്രീജിത്ത്, റംഷീദ് മരക്കാര്‍, ഡോ. താജുദ്ദീന്‍, സുഭാഷ്, റാം, സജിന്‍, എംകെ ശശി, ഡോ. കൃഷ്ണ കുമാര്‍, ഷേര്‍ളി സലിം, ഷീല മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. മനീഷ സന്തോഷ് പരിപാടികള്‍ നിയന്ത്രിച്ചു.
The post ബഹ്റൈന്‍ പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം പ്രഫഷണല്‍ മീറ്റ് സമാപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.