• Tue. Apr 14th, 2026

24×7 Live News

Apdin News

ബഹ്റൈന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പദ്ധതിയുമായി സെന്‍ട്രല്‍ ബാങ്ക്; വായ്പാ തിരിച്ചടവിന് ഇളവ്

Byadmin

Apr 14, 2026


മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം, രാജ്യത്തെ സമ്പദ്വ്യവസ്ഥയെയും സാമ്പത്തിക മേഖലയെയും പിന്തുണയ്ക്കുന്നതിനായി വായ്പ തിരിച്ചടവ് നീട്ടിവെക്കുന്ന പ്രോഗ്രാമും ലിക്വിഡിറ്റി പിന്തുണയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സിബിബി) പ്രഖ്യാപിച്ചു.

റീട്ടെയില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് വായ്പ ഗഡുക്കളും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളും (മുതലും പലിശയും ഉള്‍പ്പെടെ) അടക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെക്കാനുള്ള അവസരം നല്‍കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. നിലവില്‍ 11.3 ബില്യണ്‍ ബഹ്റൈന്‍ ദിനാറാണ് ആഭ്യന്തര വായ്പകളുടെ ആകെ മൂല്യം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കളുടെ വായ്പകളെ തരംതിരിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് ഇളവുകള്‍ നല്‍കും.

ആറ് മാസക്കാലത്തേക്ക്, റീട്ടെയില്‍ ബാങ്കുകള്‍ക്ക് അര്‍ഹമായ കൊളാറ്ററലുകളുടെ (ഈട്) അടിസ്ഥാനത്തില്‍ പരിധിയില്ലാത്ത ബഹ്റൈന്‍ ദിനാര്‍ ലിക്വിഡിറ്റി സെന്‍ട്രല്‍ ബാങ്ക് ഉറപ്പാക്കും. ഇതിനായി നിലവില്‍ 700 കോടി ദിനാര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ റെപ്പോ സൗകര്യം മൂന്ന് മാസത്തേക്ക് നീട്ടും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട റിസര്‍വ് അനുപാതം 5.0 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചു. ലിക്വിഡിറ്റി കവറേജ് റേഷ്യോ, നെറ്റ് സ്റ്റേബിള്‍ ഫണ്ടിംഗ് റേഷ്യോ എന്നിവ 100 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി കുറച്ചു. ഇത് വിപണിയിലേക്ക് കൂടുതല്‍ പണം എത്താന്‍ സഹായിക്കും.

ബഹ്റൈന്റെ സാമ്പത്തിക മേഖല സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാങ്കുകള്‍ ശക്തമായ മൂലധനവും പണലഭ്യതയും നിലനിര്‍ത്തുന്നുണ്ടെന്നും സിബിബി അറിയിച്ചു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പുവരുത്താനും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

 

The post ബഹ്റൈന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പദ്ധതിയുമായി സെന്‍ട്രല്‍ ബാങ്ക്; വായ്പാ തിരിച്ചടവിന് ഇളവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin