• Thu. Feb 19th, 2026

24×7 Live News

Apdin News

ബഹ്‌റൈൻ പ്രവാസ ഭൂമികയിലേക്ക് മറ്റൊരു പൊൻതൂവൽ: എസ് കെ പൊറ്റെക്കാട്ട് സ്മാരക സാഹിത്യപ്രതിഭാപുരസ്‌കാരം അജിത് നായർക്ക്

Byadmin

Feb 19, 2026


മനാമ / തിരുവനന്തപുരം: ലോകസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണാർത്ഥം നൽകി വരുന്ന ഈ വർഷത്തെ സാഹിത്യപ്രതിഭാ പുരസ്‌കാരം പ്രമുഖ ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായർക്ക്. എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതി പ്രഖ്യാപിച്ച വിവിധ സാഹിത്യ പുരസ്‌കാരങ്ങളിലാണ് അജിത് നായർ ഈ നേട്ടം കൈവരിച്ചത്. ഫെബ്രുവരി 28-ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈൻ പ്രവാസിയായ അജിത് നായർ, സാഹിത്യം, സിനിമാ സംവിധാനം, ഛായാഗ്രഹണം, യാത്ര തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. വയനാട് കൽപറ്റ സ്വദേശിയായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പറഞ്ഞാലും തീരാത്ത കഥകൾ’ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ ആഴമുള്ള ആഖ്യാനശൈലിയിലൂടെ അവതരിപ്പിച്ചതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.

ബഹ്‌റൈനിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘നിലാവ്’ സംവിധാനം ചെയ്തത് അജിത് നായർ ആയിരുന്നു. കൂടാതെ ബി.ബി.സി, നാഷണൽ ജിയോഗ്രാഫിക് തുടങ്ങിയ അന്താരാഷ്ട്ര ചാനലുകൾക്ക് വേണ്ടി ഡോക്യുമെന്ററികൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം തന്റെ യാത്രാനുഭവങ്ങളെ മുൻനിർത്തി നടത്തിയ സർഗ്ഗരചനകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരുടെയും ഭാരതി നേത്യാരുടെയും മകനായ അജിത് നായർക്ക് തന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭാര്യ സിന്ധുവും മക്കളായ നന്ദുവും ഗോപുവും കൂടെയുണ്ട്.

പ്രവാസത്തിന്റെ വിരസതയിലേക്ക് ഒതുങ്ങിപ്പോകാതെ, യാത്രകളിലൂടെയും കലയിലൂടെയും ലോകത്തെ തൊട്ടറിഞ്ഞ അജിത് നായർക്ക് ഈ പുരസ്‌കാരം പുതിയ യാത്രകൾക്കുള്ള ഇന്ധനമാണ്.

പ്രഖ്യാപിച്ച മറ്റ് പ്രധാന പുരസ്‌കാരങ്ങൾ:
അർഷാദ് ബത്തേരി എഴുതിയ ‘നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവലിനാണ് ഈ വർഷത്തെ പ്രധാന സാഹിത്യ പുരസ്‌കാരം (25,000 രൂപ) ലഭിച്ചത്. വാർദ്ധക്യത്തിന്റെ ഏകാന്തതയും സ്നേഹവും പ്രമേയമായ ഈ കൃതി ജൂറിയുടെ പ്രത്യേക അഭിനന്ദനം നേടി. വിനു എബ്രഹാം ജൂറി ചെയർമാനായും സുനിൽ സി.ഇ, ഡോ. മുഞ്ഞിനാട് പത്മകുമാർ, ഡോ. ആശ നജീബ്, റാണി പി.കെ എന്നിവർ അംഗങ്ങളായുളള പാനലാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.

മറ്റ് അവാർഡ് ജേതാക്കൾ:

ബാലപ്രതിഭാ പുരസ്‌കാരം: കാതലിൻ മരിയ ജീസൺ (സാഹിത്യം, കല, ശാസ്ത്ര മേഖലകളിലെ മികവിന്).

കഥ: ജഹാംഗീർ ഇളയേടത്ത് (കൃതി: അലുംനിപോർട്ടൽ).

കവിത: ശ്രീജ നടുവം (കൃതി: കാവേറ്).

നോവൽ: ഡോ. താഹിറ കല്ലുമുറിയ്ക്കൽ (കൃതി: ഇന്തധാർ).

യാത്രാവിവരണം: അരുൺ കളപ്പില (കൃതി: ഭ്രമൻ സഞ്ചാരിയുടെ ഹിമാലയം).

ബാലസാഹിത്യം: കണ്ണനുണ്ണി.

 

ഫെബ്രുവരി 28-ന് വൈകുന്നേരം മാഹി കലാഗ്രാമത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

 

 

By admin