• Sat. Sep 6th, 2025

24×7 Live News

Apdin News

ബിഎംസി ശ്രാവണ മഹോത്സവം 2025ന് കൊടിയേറി; സൗജന്യ ഓണപ്പുടവ വിതരണോദ്ഘാടനം

Byadmin

Sep 4, 2025


 

മനാമ: മെഗാമാര്‍ട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടുനില്‍ക്കുന്ന ബിഎംസി ശ്രാവണ മഹോത്സവം 2025ന് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു. ബിഎംസി അങ്കണത്തില്‍ ആഗസ്റ്റ് 30ന് വൈകിട്ട് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും മാവേലി മന്നന്റെയും അകമ്പടിയോടെയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഹിസ് എക്‌സലന്‍സി അഹമ്മദ് അല്‍ ഹയ്ക്കി മുഖ്യാതിഥിയായിരുന്നു.

വിശിഷ്ടാതിഥികളായി ബഹ്‌റൈന്‍ നോര്‍ത്ത് ഗവര്‍ണറേറ്റിലെ ഹെഡ്ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഹിസ് എക്‌സലന്‍സി ഇസാം അല്‍ഖയാത്, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ വര്‍ഗീസ്, രതീഷ് അസോസിയേറ്റ്‌സ് എംഡി രതീഷ് പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു.

ബിഎംസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുന്നിലത്ത്, ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിബിന്‍ വര്‍ഗീസ്, ചീഫ് കോഡിനേറ്റര്‍ മണിക്കുട്ടന്‍ മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൊടി ഉയര്‍ത്തിയതോടെ ബിഎംസിയുടെ 30 ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി.

ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുന്നിലത്ത് സ്വാഗതം ആശംസിച്ച ചടങ്ങ് മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു. ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സിസ് കൈതാരത്ത് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും, ശ്രാവണ മഹോത്സവം 2025 നായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘാടക സമിതി അംഗങ്ങളെയും അനുമോദിക്കുകയും ചെയ്തു.

കൂടാതെ ഇത്തവണ ശ്രാവണ മഹോത്സവം 2025 ന് പിന്തുണ നല്‍കുന്ന മെഗാമാര്‍ട്ട് & മാക്രോ മാര്‍ട്ട്, ബിഎഫ്‌സി, അല്‍ മറായി തുടങ്ങിയ എല്ലാ സ്‌പോണ്‍സേഴ്‌സിനെയും, കാരുണ്യ തീരം ലൈഫ് ഓഫ് കെയറിങ് കെഎന്‍ബി കനോലി നിലമ്പൂര്‍ സിസ്റ്റേഴ്‌സ് നെറ്റ്വര്‍ക്ക് തുടങ്ങി പിന്തുണ നല്‍കുന്ന ചെറുതും വലുതുമായ ബഹ്‌റൈനിലെ എല്ലാ സംഘടനകള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇസാം അല്‍ഖയാത്, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, രതീഷ് അസോസിയേറ്റ് എംടി രതീഷ് പുത്തന്‍പുരയില്‍, മണിക്കുട്ടന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് ആയിരത്തിലധികം തൊഴിലാളികള്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൗഷോര്‍ സാരഥികളായ യുഎ മുനീര്‍, അബ്ദുല്‍ അസീസ് എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

വയനാട് ജില്ലാ കെഎംസിസി ബഹ്‌റൈന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ മോനി ഒടി കണ്ടത്തില്‍, ലൗഷോര്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി കൂടിയായ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യുഎ മുനീര്‍ എടുത്തു പറയുകയും, അവിടുത്തെ കുട്ടികള്‍ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ചടങ്ങില്‍ മിമിക്രി താരവും കലാഭവന്‍ ജനറല്‍ സെക്രട്ടറിയുമായ കെഎസ് പ്രസാദ്, മിമിക്രി താരം സുമേഷ് എന്നിവരെയും മുഖ്യാതിഥി പൊന്നാടയണിയിച്ച ആദരിച്ചു. മുഖ്യാതിഥി അഹമ്മദ് അല്‍ ഹയ്ക്കി വിശിഷ്ടാതിഥികളായി പങ്കെടുത്ത ഇസാം അല്‍ഖയാത്, ബിനു മണ്ണില്‍ വര്‍ഗീസ്, രതീഷ് പുത്തന്‍പുരയില്‍ എന്നിവരെ ഫ്രാന്‍സിസ് കൈതാരത്ത്, സുധീര്‍ തിരനിലത്ത് എന്നിവര്‍ മെമെന്റോ നല്‍കി ആദരിച്ചു. കമ്മിറ്റി അംഗമായ തന്‍സീര്‍ മനോഹരമായ കാരിക്കേച്ചര്‍ പെയിന്റിംഗ് കെഎസ് പ്രസാദിന് ചടങ്ങില്‍ സമ്മാനിച്ചു.

നാലുമണിക്കൂറോളം നീണ്ട ശ്രാവണ മഹോത്സവം 2025 ഉദ്ഘാടന മാമാങ്കം മനോഹരമായി നിയന്ത്രിച്ച അവതാരകരായ കാത്തു സച്ചിന്‍ ദേവ്, രാജേഷ് പെരുങ്ങുഴി എന്നിവരെയും ബഹ്‌റൈന്‍ മീഡിയയുടെ മെമെന്റോ നല്‍കി ആദരിച്ചു. കെഎസ് പ്രസാദിന്റെയും സുമേഷിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ കോമഡി ഷോയും വേദിയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു.

ബഹ്‌റൈന്‍ മീഡിയ സിറ്റി കുടുംബാംഗവും മിമിക്രി താരവുമായ രാജേഷ് പെരുങ്ങുഴി, കൊച്ചിന്‍ കലാഭവന്‍ ഡാന്‍സ് മാസ്റ്റര്‍ പ്രശാന്ത് സോളമന്‍, ബെറ്റ്‌സിന ടീച്ചര്‍ തുടങ്ങിയവരെയും അണിനിരത്തിയാണ് സുമേഷ് കോമഡി ഷോ അവതരിപ്പിച്ചത്. പൂജ ഡാന്‍സ്, സിനിമാറ്റിക് സോങ്‌സ്, ടീം ഗിസാനിയയുടെ ക്ലാസിക്കല്‍ ഫ്യൂഷന്‍, കേരളത്തനിമയാര്‍ന്ന നിരവധി കലാ പരിപാടികള്‍ എന്നിവ ഉദ്ഘാടന ചടങ്ങിന് മിഴിവേകി.

പരിപാടിയില്‍ ശ്രാവണ മഹോത്സവം സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇവി രാജീവന്‍, ജോയിന്റ് കണ്‍വീനര്‍മാരായ അജി പി ജോയ്, നാസര്‍ മഞ്ചേരി, റിജു ആന്‍ഡ്രൂസ്, ജോയിന്‍ കോഡിനേറ്റര്‍മാരായ സലാം മമ്പാട്ടുമൂല, തോമസ് ഫിലിപ്പ്, മനോജ് പീലിക്കോട്, സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി ജോയിന്‍ കണ്‍വീനര്‍മാരായ രാജീവന്‍ സികെ, സലിം നമ്പ്രാ, നിബു തോമസ്, ഇവന്റ് കോഡിനേറ്റര്‍മാരായി ജേക്കബ് തേക്കുംതോട്, അശ്വതി മിഥുന്‍, ശിവാംബിക, ഷക്കീല മുഹമ്മദലി, ഷിജോ തോമസ്, ജയേഷ് താന്നിക്കല്‍, തന്‍സീര്‍, സിബി തോമസ്, ഷമീര്‍ സലിം, ഹമീദ് കെ, മോബി കുര്യാക്കോസ്, ഷാജില്‍ ആലക്കല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ, മോനി ഒടി കണ്ടത്തില്‍, ഹുസൈന്‍ പിടി, സൈദ് ഹനീഫ്, അന്‍വര്‍ നിലമ്പൂര്‍, ഗോപാലന്‍ വിസി, രഞ്ജിത്ത് കുരുവിള എന്നിവരും ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും, ബിഎംസി കുടുംബാംഗങ്ങളും പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയും ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ചടങ്ങിന് ശ്രാവണ മഹോത്സവം 2025 ജനറല്‍ കണ്‍വീനര്‍ ബിബിന്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. ശ്രാവണ മഹോത്സവം 2025 നോടനുബന്ധിച്ച് മുന്‍വര്‍ഷങ്ങളിലെ പോലെ ഒക്ടോബര്‍ 17 വെള്ളിയാഴ്ച ആയിരത്തിലധികം തൊഴിലാളികള്‍ക്ക് ഓണസദ്യ നല്‍കുമെന്നും ഫ്രാന്‍സിസ് കൈതാരത്ത് അറിയിച്ചു. ബഹ്‌റൈനിലെ ചെറുതും വലുതുമായ വിവിധ സംഘടനകളും ആയി ചേര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന 30 ദിവസത്തെ ശ്രാവണ മഹോത്സവം 2025 ല്‍ നിരവധി ഓണ മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.

 

By admin