• Wed. Dec 3rd, 2025

24×7 Live News

Apdin News

ബികെഎസ്- ഡിസി അന്താരാഷ്ട്ര പുസ്തകോത്സവവും കള്‍ച്ചറല്‍ കാര്‍ണിവലും ഡിസംബര്‍ നാലു മുതല്‍

Byadmin

Dec 3, 2025


മനാമ: ബഹ്‌റൈന്‍ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്‍പതാമത് ബികെഎസ്- ഡിസി അന്താരാഷ്ട്ര പുസ്തകോത്സവവും കള്‍ച്ചറല്‍ കാര്‍ണിവലും ഡിസംബര്‍ 4 മുതല്‍ 14 വരെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടക്കും. സമാജത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍വച്ച് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവരാണ് പുസ്തകോത്സവത്തിന്റെയും കള്‍ച്ചറല്‍ കാര്‍ണിവലിന്റെയും വിവരങ്ങള്‍ അറിയിച്ചത്.

കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയില്‍ ബഹ്‌റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദിവസേന 7.30ന് കള്‍ച്ചറല്‍ പ്രോഗ്രാമുകളും തുടര്‍ന്ന് പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുസ്തകമേളയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തകശേഖരവും ഉണ്ടായിരിക്കും.

ഡിസംബര്‍ നാലാം തീയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് എണ്‍പതോളം ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ബാന്‍ഡോടെ ആരംഭിക്കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാ വര്‍മ വിശിഷ്ടാതിഥിയും ആയിരിക്കും.

രാവിലെ 9.00 മുതല്‍ രാത്രി 10.30 വരെ സമയം ക്രമീകരിച്ചിരിക്കുന്ന പുസ്തകമേളയില്‍ എല്ലാ ദിവസങ്ങളിലും വൈകീട്ട് 7.30 ന് തുടങ്ങുന്ന സാംസ്‌കാരിക പരിപാടികളില്‍ ഗസല്‍ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍, ബഹ്റൈനിലെ മറ്റുരാജ്യ കലാകാരന്മാരുടെ സംസ്‌കാരിക പരിപാടികള്‍, ആര്‍ദ്രഗീത സന്ധ്യ, നൃത്തനൃത്യങ്ങള്‍, ഡാന്‍സ് ഡ്രാമ, മ്യൂസിക് ബാന്‍ഡ് തുടങ്ങി നിരവധിപരിപാടികളോടൊപ്പം സ്‌പോട്ട് ക്വിസ്സും നടക്കും. പുസ്തകമേളയോടനുബന്ധിച്ചു സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫി എക്‌സിബിഷനും ആര്‍ട്‌സ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആര്‍ട്ട് & പെയിന്റിംഗ് എക്‌സിബിഷനും നടത്തപ്പെടും.

ഡിസംബര്‍ 5ന് മറ്റു രാജ്യ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുനടക്കുന്ന ‘കള്‍ച്ചര്‍വിവാ’ എന്ന നൃത്തസംഗീത പരിപാടിയില്‍ ഇന്ത്യ, ബഹ്റൈന്‍, തായ്ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നേപ്പാള്‍, കാമറൂണ്‍, ശ്രീലങ്ക, ചൈന, ഭൂട്ടാന്‍, ബംഗ്ലാദേശ്, കെനിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ പത്തില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും. സമാജത്തിന്റെ ചരിത്രത്തില്‍ തന്നെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു. അന്നേദിവസം തന്നെ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ എഴുത്തുകാരി, നിഷ രത്‌നമ്മ രമ്യ മിത്രപുരം എഴുതിയ പുസ്തകം പ്രാകാശനം ചെയ്യും. തുടര്‍ന്ന് അതിഥിയുമായുള്ള മുഖാമുഖം നടക്കും.

ഡിസംബര്‍ 6ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന ‘കലൈഡോസ്‌കോപ്പ്’ അരങ്ങില്‍ എത്തും. പതിനെട്ടോളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങളാണ് കലൈഡോസ്‌കോപ്പില്‍ അണിനിരക്കുക.

ഡിസംബര്‍ 7ന് 7.30 ന് ഐഐപിഎ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ‘ഗസല്‍ സന്ധ്യയെ’ തുടര്‍ന്നുള്ള പൊതുചടങ്ങില്‍ പ്രമുഖ വ്ളോഗറും എഴുത്തുകാരനുമായ ബൈജു എന്‍. നായര്‍ പങ്കെടുക്കും. ലിജിത് ഫിലിപ്പ് കുര്യന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ വച്ച് നടക്കും.

ഡിസംബര്‍ 8ന് മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്ററിലെ കുട്ടികള്‍ക്കായി ‘അക്ഷരത്തോണി’ എന്ന പേരില്‍ എഴുത്തു-ചിത്രരചനാ മത്സരങ്ങള്‍ മത്സരങ്ങള്‍ നടക്കും. തുടര്‍ന്നുള്ള പൊതുചടങ്ങില്‍ എഴുത്തുകാരന്‍ നസീഫ് കലയത്തു പങ്കെടുക്കും. ബഹ്റൈനിലെ മലയാളി എഴുത്തുകാരന്‍ നാസര്‍ മുതുകാടിന്റെ പുസ്തകവും അന്ന് പ്രകാശനം ചെയ്യും.

ഡിസംബര്‍ 9 ന് ‘ആര്‍ദ്രഗീതസന്ധ്യ’ എന്ന പേരില്‍ മലയാളം ആര്‍ദ്ര-ഭാവഗീതങ്ങളുടെ അവതരണവും തുടര്‍ന്ന് നടക്കുന്ന പൊതുചടങ്ങില്‍ വച്ച് ഫിറോസ് തിരുവത്രയുടെ ആദ്യ കവിത സമാഹാരം പ്രകാശനം ചെയ്യപ്പെടും. പ്രസ്തുത ചടങ്ങില്‍ പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാട്ടില്‍ പങ്കെടുക്കും.

ഡിസംബര്‍ 10 ന് ടീം സിതാറിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും വിവിധ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും നടക്കും. സമാജം ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ആര്‍ട്‌സ് ആന്‍ഡ് പെയിന്റിംഗ് എക്‌സിബിഷന്‍ അന്നേ ദിവസം ഉദ്ഘാടനം ചെയ്യപ്പെടും.

ഡിസംബര്‍ 11ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ഐഐപിഎ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, പിങ്ക് ബാന്‍ഡ് നയിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും. അന്നേദിവസം നടക്കുന്ന പൊതു ചടങ്ങില്‍ പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ പിഎംഎ ഗഫൂര്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനീക്ക അബ്ബാസ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ വച്ച് നടക്കും.

ഡിസംബര്‍ 12 ന് വൈകീട്ട് കലാകേന്ദ്ര ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നൃത്ത-സംഗീത പരിപാടികല്‍ നടക്കും. തുടര്‍ന്നുള്ള പൊതുചടങ്ങില്‍ ആശാ രാജീവ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ എഴുത്തുകാരന്‍ ഇ. സന്തോഷ് കുമാര്‍ നിര്‍വ്വഹിക്കും. ഡിസംബര്‍ 13 ന് നടക്കുന്ന സാംസ്‌കാരിക പരിപാടികളെ തുടര്‍ന്ന് പ്രമുഖ എഴുത്തുകാരനും വിമര്‍ശകനുമായ ഹമീദ് ചെന്നമംഗലൂരുമായുള്ള സംവാദം നടക്കും. 14 ന് നടക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ക്കും ക്വിസ് മത്സരത്തിനും ശേഷം ഒന്‍പതാമത് ബികെഎസ്-ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെയും കള്‍ച്ചറല്‍ കാര്‍ണിവലിന്റെയും സമാപന സമ്മേളനം നടക്കും.

സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ആഷ്ലി കുര്യന്‍ മഞ്ഞില കണ്‍വീനറായും ജോയ് പോളി, സവിത സുധിര്‍, സിന്‍ഷാ വിതേഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും നൂറ്റിയന്‍പതില്‍പരം അംഗങ്ങളുള്ള സംഘാടകസമിതിയാണ് അന്താരാഷ്ട്ര പുസ്തകമേളയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

പുസ്തകങ്ങള്‍ കാണുവാനും വാങ്ങിക്കാനും സാംസ്‌കാരിക പരിപാടികളും എക്‌സിബിഷനുകളും കാണാനും കേരളത്തില്‍ നിന്നുമെത്തുന്ന പ്രമുഖ വ്യകതിത്വങ്ങളുമായുയി സംവദിക്കാനും ഏവരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39215128, 39370929, 34688624.

വാര്‍ത്താസമ്മേളനത്തില്‍ ബികെഎസ് വൈസ് പ്രസിഡന്റ് ദിലീഷ്‌കുമാര്‍, ബികെഎസ് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍, ബികെഎസ് എന്റര്‍ടൈന്‍മെന്റ് വിംഗ് സെക്രട്ടറി റിയാസ് ഇബ്രാഹിം, ജനറല്‍ കണ്‍വീനര്‍ ആഷ്‌ലി കുര്യന്‍ മഞ്ഞില, ജോയിന്റ് കണ്‍വീനര്‍മാരായ ജോയ് പോളി, സവിത സുധീര്‍, സിന്‍ഷാ വിതേഷ് എന്നിവരും പങ്കെടുത്തു.

 

By admin