• Mon. Dec 23rd, 2024

24×7 Live News

Apdin News

ബികെഎസ് സംഗീതരത്‌ന പുരസ്‌കാരം ജെറി അമർ ദേവിന്

Byadmin

Dec 22, 2024



മനാമ > ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ബികെഎസ് സംഗീത രത്ന പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ നാൽപ്പത് വർഷമായി സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 26 ന് രാത്രി 8 ന് ബഹ്റൈൻ കേരളീയ സമാജത്തിന്റെ ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് പുരസ്കാരം സമർപ്പിക്കും. ശേഷം ജെറി അമൽദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി അരങ്ങേറും. സമാജം മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച ഓഡിഷനിൽ നിന്നും തെരഞ്ഞെടുത്ത 50 ഗായകരാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സിംഫണിയിൽ പങ്കെടുക്കുന്നത്.

അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ സേവ്യർ യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദവും ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജെറി അമൽദേവ് നാല് വർഷക്കാലത്തോളം ന്യൂയോർക്കിൽ സംഗീത പരിശീലകനായി പ്രവർത്തിച്ചു. തുടർന്നാണ് കേരളത്തിൽ തിരിച്ചെത്തി ഫാസിൽ സംവിധാനം നിർവ്വഹിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

ആദ്യ ചിത്രത്തിലെ ഗാനങ്ങൾക്ക് തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ജെറി അമൽദേവ് നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങൾക്കും ആൽബങ്ങൾക്കും സംഗീതമൊരുക്കി. 1986ൽ മാർപ്പാപ്പ കേരളത്തിലെത്തിയപ്പോൾ ഏകദേശം അഞ്ഞൂറു ഗായകരും നാല്പതോളം ഓർക്കസ്ട്ര അംഗങ്ങളെയും ചേർത്ത് ക്വയർ അവതരിപ്പിച്ചതും ജെറി അമൽദേവ് ആയിരുന്നു.

വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ക്രിസ്തുമസ്സ് ആഘോഷ കമ്മറ്റി കൺവീനർ ബിൻസി റോയ്, അജയ് പി നായർ, വിനയചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

By admin