
ഭൂമിയിലേക്ക് തിരികെയെത്തുന്ന സുനിത വില്യംസിനെയും, ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഇരുവരുടെയും സുരക്ഷിതമായ വരവിനായി എല്ലാവരും പ്രാർത്ഥിക്കുമ്പോഴും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് പ്രത്യേകിച്ച് ഭൂമിയിലെ ഗുരുത്വാകർഷണവുമായുള്ള പൊരുത്തപ്പെടൽ. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. ശരീരത്തിലെ മൈക്രോഗ്രാവിറ്റിയാണ് ഈ അവസ്ഥയ്ക്ക് കാരണം.
ഭൂമിയിൽ വന്നിറങ്ങുമ്പോൾ ഇവർക്ക് സ്വമേധയാ നടന്ന് പോകാൻ സാധിക്കില്ലെന്നും പകരം സ്‌ട്രെച്ചറുകളുടെ ആവശ്യം വേണ്ടി വരുമെന്നാണ് ടെക്സസ് റൈസ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് സ്പോർട്സ് സയൻസ് ഡയറക്ടറും, നാസയുടെ ജോൺസൺ സ്പേസ് സെന്ററിലെ മുൻ സീനിയർ ശാസ്ത്രജ്ഞനുമായ ജോൺ ഡെവിറ്റ് പറയുന്നത്. റോളർ കോസ്റ്ററിൽ സഞ്ചരിക്കുമ്പോഴോ ,കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സമയത്ത് ബോട്ടിൽ സഞ്ചരിക്കുമ്പോഴോ ആളുകൾക്ക് അനുഭവപ്പെടാറുള്ളതുപോലെ ഇവർക്കും സീറോ ഗ്രാവിറ്റിയിൽ നിന്ന് ഭൂമിയിലേക്കെത്തുമ്പോൾ തലകറക്കം ,ഛർദി പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയിൽ ജീവിക്കുമ്പോൾ ശരീരത്തിന്റെ ചലനത്തിനും, നിവർന്ന് നിൽക്കാനുമായി നമ്മുടെ ശരീരം ഗുരുത്വാകർഷണത്തിന് എതിരെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബഹിരാകാശത്ത് കാലുകൾ ചലിപ്പിച്ച് നടക്കാൻ കഴിയാത്തതിനാൽ പേശികളുടെയും ,അസ്ഥികളുടെയും പ്രവർത്തനം നഷ്ടപ്പെടും.പിന്നീട് ഭൂമിയിലെത്തുമ്പോൾ നടക്കാൻ ബുദ്ധിമുട്ടുകൾ അനുഭപ്പെടുകയും, ശരീരം ബാലൻസ് ചെയ്യുന്നതിനും,കാര്യങ്ങൾ തിരിച്ചറിയുന്നതിനും,ചെവിയിൽ നിന്നുള്ള സിഗ്നലുകൾ വേർതിരിച്ചറിയുന്നതിനും പ്രയാസം അനുഭവപ്പെട്ടേക്കാം.
ഭൂമിയിലെത്തിയാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സുനിതയ്ക്കും ,ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർക്കും ഒരുപാട് സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിനായി ഇവർക്ക് ഫിസിക്കൽ തെറാപ്പിയും വ്യായാമവും പോലെയുള്ള പ്രത്യേക പരിശീലനം ആവശ്യമാണ്. ഇത് മസ്സിലുകളുടെയും ,എല്ലുകളുടെയും തുടങ്ങി ശരീരത്തിന്റെ മുഴുവൻ പ്രവർത്തങ്ങളും പൂർവ്വസ്ഥിതിയിലാക്കാൻ സഹായിക്കും.