• Sat. Nov 8th, 2025

24×7 Live News

Apdin News

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

Byadmin

Nov 7, 2025


ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്). മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. അന്വേഷണത്തിൽ താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് നേരത്തേ ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയിൽ വാതുവെപ്പ് ആപ്പായ വൺഎക്സുമായി ബന്ധപ്പെട്ട കേസിൽ മുൻ ക്രിക്കറ്റ്‌താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി (മുൻ ടിഎംസിഎംപി), അങ്കുഷ് ഹസ്ര എന്നിവരെ അടുത്തിടെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇഡി സ്വത്ത് കണ്ടുകെട്ടിയത്.

വൺഎക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. ധവാന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്തും റെയ്നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടും കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആപ്പിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് താരങ്ങൾ വിദേശ സ്ഥാപനങ്ങളുമായി പരസ്യ കരാറുകളിൽ ഏർപ്പെട്ടുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

By admin