Posted By: Nri Malayalee
January 29, 2025
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ 200 കമ്പനികള്‍ ആഴ്ചയില്‍ നാല് തൊഴില്‍ദിനങ്ങള്‍ എന്ന രീതിയിലേക്ക് മാറിയതായി 4 ഡേ വീക്ക് ഫൗണ്ടേഷന്‍. ജീവകാരുണ്യം, മാര്‍ക്കറ്റിങ്, ടെക്നോളജി, ഐ.ടി., ബിസിനസ് കണ്‍സള്‍ട്ടിങ്, മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ശമ്പളത്തില്‍ കുറവുവരുത്താതെ ആഴ്ചയില്‍ അഞ്ച് തൊഴില്‍ ദിനങ്ങളെന്നത് നാലായി കുറച്ചത്.
ഈ 200 കമ്പനികളിലായി ഏകദേശം 5000 പേര്‍ ജോലിനോക്കുന്നുണ്ടെന്നും ഇവരെല്ലാം പുതിയ മാറ്റത്തിന്റെ ഭാഗമാണെന്നും ഫൗണ്ടേഷനെ ഉദ്ധരിച്ച് ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ അഞ്ചുദിവസം ഒമ്പതുമുതല്‍ അഞ്ചുവരെ ജോലിചെയ്യുന്നത് 100 വര്‍ഷം മുന്‍പ് നിലവില്‍വന്ന രീതിയാണെന്നും നിലവിലെ സമൂഹത്തിനനുസരിച്ച് അത് മാറണമെന്നും വാദിക്കുന്നവരാണ് 4 ഡേ വീക്ക് ഫൗണ്ടേഷന്‍.
കോവിഡ് സമയത്ത് നിലവില്‍വന്ന വര്‍ക്ക് ഫ്രം ഹോം രീതി അവസാനിപ്പിച്ച് തൊഴിലിടങ്ങളിലേക്ക് മടങ്ങാന്‍ വിമുഖത കാട്ടുന്ന യുവതലമുറയെ ആകര്‍ഷിക്കാന്‍ മാറ്റംകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനികള്‍ പറയുന്നു. കമ്പനികളില്‍ തുടരാന്‍ ഈ രീതി അവരെ പ്രേരിപ്പിക്കുന്നെന്നും മനസ്സിലാക്കിയ കമ്പനികള്‍ നാലുതൊഴില്‍ദിനം സ്ഥിരമാക്കാന്‍ തയ്യാറാകുന്നുണ്ട്. ഈ രീതികൊണ്ട് കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.