Posted By: Nri Malayalee
November 25, 2024
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് സംഹാര രൂപം പൂണ്ടതോടെ നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ശക്തമായ മഴയും, കാറ്റും, അസാധാരണമായ വെള്ളപ്പൊക്കവും ചേര്‍ന്ന് യാത്രകള്‍ ദുരിതത്തിലാക്കിയതോടെ ട്രെയിനുകള്‍ റദ്ദാക്കുന്നതിനൊപ്പം, യുകെയില്‍ റോഡുകള്‍ അടച്ചിടുകയും ചെയ്തു.
ഹീത്രൂവില്‍ നിന്ന് മാത്രം 200-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ്എവെയര്‍ ഡാറ്റാ സൈറ്റ് പറയുന്നു. ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടിലേക്ക് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഗ്രേറ്റര്‍ ആംഗ്ലിയ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 52 സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
സൗത്ത് വെയില്‍സില്‍ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് അധികൃതര്‍ ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നദിയില്‍ നിന്നും 75-കാരനായ ബ്രയാന്‍ പെറിയുടെ മൃതദേഹവും ലഭിച്ചു. ഇതോടെ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേര്‍ ട്രാഫിക് അപകടങ്ങളിലാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ലണ്ടനിലെ ഒന്‍പത് മേഖലകളില്‍ കനത്ത മഴയും, കാറ്റുമാണ് തേടിയെത്തിയത്.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ഞായറാഴ്ച വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതേസമയം യുകെയില്‍ ഇപ്പോഴും 250 വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍ നിലവിലുണ്ട്. ഇംഗ്ലണ്ടിലാണ് ഇതില്‍ ഭൂരിഭാഗവും. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി പറഞ്ഞു.
മിഡ്‌ലാന്‍ഡ്‌സിലെ ചില ഭാഗങ്ങളിലും നോര്‍ത്ത് ഇംഗ്ലണ്ടിലും ഇന്നും, നാളെയുമായി ഈ വെള്ളപ്പൊക്ക സാധ്യത തുടരുമെന്നും കൂട്ടിച്ചേര്‍ക്കുന്നു. മോശം കാലാവസ്ഥയില്‍ ഇതുവരെ നാല് ജീവനുകളാണ് പൊലിഞ്ഞത്.