Posted By: Nri Malayalee
January 19, 2025
സ്വന്തം ലേഖകൻ: യുകെ – വീസ അക്കൗണ്ടിലൂടെ ബി.ആർ.പി. കാർഡുകൾ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനിൽ ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്കരിക്കുന്ന ഗവൺമെന്റ് സ്മാർട്ട് ഫോൺ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസൻസുകൾ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ ഏറെ സഹായകമാകും.
ലൈസൻസുകൾ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയാലും കാർഡ് രൂപത്തിലുള്ള ലൈസൻസുകൾ തൽകാലത്തേക്ക് തുടരും. GOV.UK വെബ്സൈറ്റിൽ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റൽ ലൈസൻസ് സൂക്ഷിക്കാൻ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകൾക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാണ് ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മൾട്ടിഫാക്ടർ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം അനുവദിക്കുക.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനജീവിതം കൂടുതൽ സുഖകരമാക്കുന്നതിന്റെയും പൊതുജനസേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെയും ഭാഗമാണ് ഈ പരിഷ്കരണമെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വികസനം ഡിജിറ്റൽ ഐഡന്റിറ്റി കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കിയിട്ടുണ്ട്.
ഇതിന്റെ പ്രയോജനം പൊതുജനങ്ങൾക്കു ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യം. സൂപ്പർമാർക്കറ്റ് ചെക്ക്ഔട്ടുകളിലും മറ്റും സ്റ്റാഫിന്റെ സഹായത്തിനു കാത്തുനിൽക്കാതെ സ്വന്തം വയസ്സും വ്യക്തിത്വവും തെളിയിക്കാൻ ഡിജിറ്റൽ ലൈസൻസുകൾകൊണ്ട് സാധിക്കും. ഈ വർഷം അവസാനത്തോടെ പുതിയ പരിഷ്കരണം പൂർണമായും നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഷോപ്പുകളിലും ബാറുകളിലും മറ്റും ഡിജിറ്റൽ ലൈസൻസ് ഉപയോഗിക്കുമ്പോൾ വിലാസവും മറ്റു വ്യക്തിഗത വിവരങ്ങളും മറച്ചുവയ്ക്കാനുള്ള പ്രത്യേക സംവിധാനം ആപ്പിൽ ഉണ്ടാകും. 2023ലെ കണക്കനുസരിച്ച് ബ്രിട്ടനിൽ 50 മില്യൻ ഡ്രൈവിങ് ലൈസൻസുകളാണുള്ളത്. ഡി.വി.എൽ.എ.യുടെ സഹകരണത്തോടെ സർക്കാർ 2016ൽ ആരംഭിച്ച പദ്ധതിയാണ് ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സഫലമാകുന്നത്.
ഓസ്ട്രേലിയ, ഡെന്മാർക്ക്, ഐസ്‌ലൻഡ്, നോർവേ എന്നിവിടങ്ങളിലും ചില അമേരിക്കൻ സ്റ്റേറ്റുകളിലും ഡിജിറ്റൽ ലൈസൻസ് ഇപ്പോൾതന്നെ നിലവിലുണ്ട്. ഈ ഗണത്തിലേക്കാണ് ബ്രിട്ടനും അണിചേരുന്നത്. 2026 ആകുമ്പോഴേക്കും യൂറോപ്യൻ യൂണിയനിലെ ഓരോ അംഗരാജ്യവും ഏതെങ്കിലും ഒരു ഐഡി ഡിജിറ്റൽ ഫോർമാറ്റിൽ ആക്കണമെന്നത് പൊതു ധാരണയാണ്. ഇതുകൂടി പരിഗണിച്ചാണ് യൂണിയനിൽ നിലവിൽ അംഗമല്ലെങ്കിലും ബിട്ടന്റെ പുതിയ പരിഷ്കാരം.