Posted By: Nri Malayalee
December 23, 2024
സ്വന്തം ലേഖകൻ: അതിശക്തമായ കാറ്റില്‍ ബ്രിട്ടന്‍ ആടിയുലയുന്നതിനിടെ ബെല്‍ഫാസ്റ്റ് സിറ്റി വിമാനത്താവളത്തില്‍ ഒരു വിമാനം ക്രാഷ് ലാന്‍ഡിംഗ് നടത്തി. കാറ്റില്‍ ആടിയുലഞ്ഞ വിമാനമാണ് ഇത്തരത്തില്‍ ഇറങ്ങിയത്. എയര്‍ ലിംഗസ് വിമാനം ക്രാഷ് ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ മറ്റു വിമാനങ്ങള്‍ക്ക് ഒന്നും തന്നെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. വിമാനത്താവളം ഇന്നലെ ഒരു ദിവസത്തേയ്ക്ക് അടച്ചിടുകയായിരുന്നു.
ഇടിച്ചിറങ്ങിയതോടെ വിമാനത്തിന്റെ നോസ് ഗിയര്‍ തകര്‍ന്നതായാണ് മനസിലാകുന്നത്. റണ്‍വേയുടെ സമീപത്തേക്ക് മാറ്റിയിട്ടിരിക്കുന്ന വിമാനത്തിന് സമീപം രണ്ട് ഫയര്‍ എഞ്ചിനുകള്‍ നില്‍ക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. വിമാനത്താവളാധികൃതര്‍ ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പോലീസും, ഫയര്‍ സര്‍വ്വീസും ആംബുലന്‍സുമൊക്കെ അവിടെ വിന്യസിക്കപ്പെട്ടു. അതിനെ തുടര്‍ന്നായിരുന്നു ഈ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ വിമാനങ്ങള്‍ എല്ലാം തന്നെ ഇന്നലെ രാത്രി റദ്ദാക്കിയത്.
ഇന്ന് രാവിലെ മാത്രമെ വിമാനത്താവളം പൂര്‍വ്വസ്ഥിതിയില്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. ഇവിടെ ഇറങ്ങേണ്ട ചില വിമാനങ്ങള്‍ ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയുണ്ടായി. ലണ്ടന്‍ നഗരത്തില്‍ നിന്നുള്ള ഒരു ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനവും ബ്രാഡ്‌ഫോര്‍ഡ് ലീഡ്‌സില്‍ നിന്നുള്ള ഒരു എയര്‍ ലിംഗസ് വിമാനവും ഇക്കൂട്ടത്തില്‍ പെടുന്നു. സ്ഥിര വിമാനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന ഒരു വിമാനമാണ് അപകടത്തില്‍ പെട്ടത്.
എമെറാള്‍ഡ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനം എയര്‍ ലിംഗസിന് വേണ്ടിയായിരുന്നു സേവനം നല്‍കിയിരുന്നത്. എഡിന്‍ബര്‍ഗില്‍ നിന്നും ബെല്‍ഫാസ്റ്റിലേക്ക് വരികയായിരുന്നു ഈ വിമാനം. സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ നാല് ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്ന് ബെല്‍ഫാസ്റ്റ് വിമാനത്താവളാധികൃതര്‍ സ്ഥിരീകരിച്ചു. ആര്‍ക്കും തന്നെ ഗുരുതരമായ പരിക്കുകളേറ്റിട്ടില്ല.
ഇന്നലെ ശക്തമായ കാറ്റിനെ തുടര്‍ന്ന് ബ്രിട്ടന്റെ ഏതാണ്ട് എല്ലാ ഭാഗത്തും മെറ്റ് ഓഫീസിന്റെ മഞ്ഞ് മുന്നറിയിപ്പ് നിലനിന്നിരുന്നു. ഹീത്രൂ വിമാനത്താവളത്തില്‍ മാത്രം പ്രതികൂല കാലാവസ്ഥ മൂലം നൂറോളം വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നു. ഇതോടെ വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യത്തില്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. റോഡ്, റെയില്‍, ജലഗതാഗതവും തടസപ്പെടുകയായിരുന്നു.