
മെക്സിക്കോ: ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി രണ്ട് മരണം. 22 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. 277 പേരായിരുന്നു ഈ സമയം കപ്പലിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അതേസമയം കപ്പലിലെ എല്ലാ ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂയോർക്ക് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു.
പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചപ്പോൾ ‘കുവാട്ടെമോക്’ എന്ന കപ്പലിന്റെ ഉയരമുള്ള കൊടിമരങ്ങൾ ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ മെക്സിക്കൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. കപ്പലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മെക്സിക്കൻ നാവിക സേന വ്യക്തമാക്കി. അതേസമയം ബ്രൂക്ലിൻ പാലത്തിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലത്തിന്റെ എല്ലാ പാതകളും ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിട്ടതായാണ് റിപ്പോർട്ട്.