• Wed. Apr 2nd, 2025

24×7 Live News

Apdin News

ഭക്തിസാന്ദ്രമായ ഇന്ത്യന്‍ സ്‌കൂള്‍ ഈദ് ഗാഹില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി

Byadmin

Mar 31, 2025


 

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിന്റെ നേതൃത്വത്തില്‍ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. പുലര്‍ച്ചെ തന്നെ ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ 5.50 ന് നമസ്‌കാരത്തിനായി അണിനിരന്നു. ഏറെ ഹൃദ്യമായ കാലാവസ്ഥയില്‍ ഈദ് പ്രഭാഷണം കൂടി സാകൂതം ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്‌നേഹവും കൈമാറിയും പിരിഞ്ഞുപോയത്.

മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്‌കൂളിലേത്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിക്കാറുണ്ട്. ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാന്‍ നദ്വി പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. റമദാന് ശേഷവും സല്‍ക്കര്‍മങ്ങളുടെ നൈരന്തര്യം ഉണ്ടാവണമെന്ന് ഈദ് പ്രഭാഷണത്തില്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

റമദാനില്‍ നടത്തിയ ആരാധനകളും സുകൃതങ്ങളും അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കാനും നിരന്തര പ്രാര്‍ഥനകളുണ്ടാവണം. റമദാനിനെ നാം എത്രമാത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുള്ള ആത്മവിചാരണയും അവലോകനവും വേണ്ടതുണ്ട്. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും പരലോക വിശ്വാസം ദൃഡീകരിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കണം. ദൈവിക മഹത്വം പ്രകീര്‍ത്തിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുന്ന ആഘോഷമാണ് പെരുന്നാള്‍.

ഈ ജീവിതത്തിന്റെ സുഖ സന്തോഷങ്ങള്‍ക്കപ്പുറം മരണാനന്തര ജീവിതത്തിലെ സന്തോഷവും ആനന്ദവും നമ്മുടെ പരിഗണനയില്‍ ഉണ്ടാവണം. സ്വര്‍ഗീയ ആരാമങ്ങളില്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന വിശ്വാസികളായി മാറാനുള്ള പരിശ്രമങ്ങളും തുടരണമെന്നും റമദാനിലെ കര്‍മങ്ങള്‍ മുഴു ജീവിതത്തിലും ജാഗ്രതയോടെ നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും ഉണര്‍ത്തി.

ഭൗതിക ജീവിതത്തിന്റെ പകിട്ടുകളിലും പൊലിമകളിലും വിശ്വാസികള്‍ വഞ്ചിതരായിപ്പോവരുത്. വിശ്വാസം ഊട്ടിയുറപ്പിക്കാനും പ്രതിസന്ധികള്‍ വകഞ്ഞുമാറ്റി മുന്നേറാനും റമദാന്‍ കരുത്തേകിയിട്ടുണ്ട്. പ്രവാചകന്‍മാര്‍ നിലകൊണ്ട ആശയാദര്‍ശത്തില്‍ അടിയുറച്ച് നിലകൊള്ളാനും അതിന് മുന്നിലുള്ള പ്രതിസന്ധികള്‍ അതിജീവിക്കാനും സ്ഥിര ചിത്തതയോടെ നിലകൊള്ളാനും കഴിയുമ്പോഴാണ് ദൈവിക സഹായം ലഭ്യമാവുന്നത്. അതിന് പ്രചോദനം നല്‍കുന്ന ഒന്നാണ് കഴിഞ്ഞ ഒരു മാസം നീണ്ടു നിന്ന വ്രതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, സുന്നീ ഔഖാഫ് അധികാരികള്‍, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമുഅ, ഈദ്ഗാഹുകളുടെ വിജയത്തിനും സുഗമമായി നടത്തിപ്പിനുമായി സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

ഈദ് ഗാഹ് സംഘാടക സമിതി രക്ഷാധികാരി സുബൈര്‍ എം.എം, ജനറല്‍ കണ്‍വീനര്‍ പി.പി ജാസിര്‍, സക്കീര്‍ ഹുസൈന്‍, ജമാല്‍ നദ്വി, സമീര്‍ ഹസന്‍, ഖാലിദ് സി, അബ്ദുല്‍ ഹഖ്, മൂസ കെ.ഹസന്‍, യൂനുസ് രാജ്, മുഹമ്മദ് ഷാജി, വി.കെ അനീസ്, മുഹമ്മദ് മുഹ്‌യുദ്ദീന്‍, മുഹമ്മദലി മലപ്പുറം, മുഹമ്മദ് ഷമീം, സജീര്‍ കുറ്റ്യാടി, മൂസ കെ ഹസന്‍, ഫസ്ലു റഹ്‌മാന്‍ മൂച്ചിക്കല്‍, മുസ്തഫ, സുഹൈല്‍ റഫീഖ്, അഹ്‌മദ് റഫീഖ്, മജീദ് തണല്‍, സിറാജ് എം.എച്ച്, അബ്ദുശ്ശരീഫ്, ജൈസല്‍ ശരീഫ്, യൂനുസ് രാജ്, മുജീബ് റഹ്‌മാന്‍, സലാഹുദ്ദീന്‍ കിഴിശ്ശേരി, ശാക്കിര്‍, മുഹമ്മദ് കുഞ്ഞി, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, ലത്തീഫ് കടമേരി, അല്‍താഫ്, അജ്മല്‍ ശറഫുദ്ധീന്‍, ഇര്‍ഫാന്‍, ഷൗക്കത്ത്, സഫീര്‍, അബ്ദുന്നാസര്‍, അബ്ദുല്‍ ഹക്കീം, റഫീഖ് മണിയറ, കെ.പി സമീര്‍, ലത്തീഫ്, ഇജാസ് മൂഴിക്കല്‍, റഹീസ്, ലുബൈന ഷഫീഖ്, സാജിദ സലീം, ഷൈമില നൗഫല്‍, റഷീദ സുബൈര്‍, സഈദ റഫീഖ്, ഫാത്തിമ സാലിഹ്, ബുഷ്‌റ അശ്‌റഫ് തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കി.

 

By admin