
ന്യൂഡല്‍ഹി: ഭരണഘടനാഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രം. ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. അംഗങ്ങള്‍ക്ക് വിതരണം ചെയ്യാതെയാണ് ബില്ല് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. ബില്ലിനെ എതിര്‍ക്കുന്നതായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാര്‍ പ്രതികരിച്ചു. ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരാളെ ശിക്ഷിക്കാന്‍ എങ്ങനെ കഴിയുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തുറക്കുന്ന ബില്ലാണിതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കുന്നതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നുവെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ലക്ഷ്യം വച്ചും നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ഉന്നംവെച്ചുമുള്ള ബില്ലാണിതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.
ഭരണഘടനയില്‍ അധിഷ്ഠിതമായ നിയമസംവിധാനമാണ് രാജ്യത്ത് വേണ്ടതെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി വ്യക്തമാക്കി. കസ്റ്റഡിയിലായാല്‍ കുറ്റക്കാരെനെന്ന് എങ്ങനെ വിധിക്കുമെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും മനീഷ് തിവാരി പറഞ്ഞു. ബില്‍ കീറിയെറിഞ്ഞായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കമാണ് ബില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഒവൈസി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്ലിനെ എതിര്‍ക്കുന്നതായി ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനും പ്രതികരിച്ചു. സഭയുടെ ചട്ടങ്ങള്‍ക്ക് അനുസരിച്ചല്ല ബില്ല് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിക്കുന്നത് അനാവശ്യ ആരോപണമെന്നും ഒരു നിയമവ്യവസ്ഥയെയും താന്‍ മറികടന്നിട്ടില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ മൂന്ന് മണി വരെ നിര്‍ത്തിവെച്ചു.
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയടക്കം കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് കേന്ദ്രം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിയമനവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.