Posted By: Nri Malayalee
January 7, 2025
സ്വന്തം ലേഖകൻ: രാജ്യമാകെ ഹിമവര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കെ മെറ്റ് ഓഫീസ് പുതിയ മഞ്ഞ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഒട്ടു മിക്ക പ്രദേശങ്ങള്‍ക്കും ബാധകമായ മുന്നറിയിപ്പില്‍, യാത്രാ തടസങ്ങള്‍ നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും രാജ്യം സാക്ഷ്യം വഹിച്ച ഒരു വാരാന്ത്യത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ മുന്നറിയിപ്പ് നിലവില്‍ വന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ രണ്ട് ആംബര്‍ മുന്നറിയിപ്പുകളായിരുന്നു നിലവിലുണ്ടായിരുന്നത്.
കനത്ത മഞ്ഞുവീഴ്ച മൂലം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളും മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. പലയിടങ്ങളിലും വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിപ്പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഞ്ഞില്‍ തെന്നിമാറി, വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ ഉണ്ടായ റിപ്പോര്‍ട്ടുകളും പലയിടങ്ങളില്‍ നിന്നായി വരുന്നുണ്ട്. വടക്കന്‍ ഇംഗ്ലണ്ടിലെ പല പ്രധാന റോഡുകളിലും വാരാന്ത്യത്തില്‍ ഗതാഗത തടസം അനുഭവപ്പെട്ടു.
ഇപ്പോള്‍ പുതിയ മുന്നറിയിപ്പ് ബാധകമാകുക യുകെയിലെ ആറ് മേഖലകളെയാണ്. കിഴക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, ലണ്ടന്‍, തെക്ക് കിഴക്കന്‍ പ്രദേശങ്ങള്‍, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, വെയ്ല്‍സ് എന്നിവിടങ്ങളിലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. വര്‍ഷപാതമുണ്ടാകും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പലയിടങ്ങളിലും റോഡുകള്‍ മഞ്ഞില്‍ പുതയും.
ചില റോഡുകളെയും റെയില്‍ റൂട്ടുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചേക്കും. ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് കാലതാമസം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുപോലെ തന്നെ പേവ്‌മെന്റുകളിലും സൈക്കിള്‍ പാത്തുകളിലും മഞ്ഞുറഞ്ഞ് കിടക്കുന്നത് ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. തെന്നി വീണ് മുറിവുകളും ചതവുകളും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍, കൂടുതല്‍ ശ്രദ്ധിക്കുക.
വെയ്ല്‍സിലും വടക്കന്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ആരംഭിച്ച മഞ്ഞുവീഴ്ച ഇന്ന് അതിരാവിലെയോടെ തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലേക്കും വ്യാപിക്കും. ലണ്ടനിലേക്കായി പ്രത്യേക മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി വിതരണത്തിനും മറ്റ് സേവനങ്ങള്‍ക്കും തടസം വരാന്‍ ചെറിയൊരു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചെറിയ രീതിയിലുള്ള യാത്രാ തടസങ്ങള്‍ക്കും സാധ്യതയുണ്ട്.